ആലക്കോട്: ക്ഷീരോത്പാദനത്തിന് പുറമെ മൂല്യവർധിത ഉത്പന്നങ്ങൾ നിർമ്മിക്കുന്ന കാര്യത്തിലും ക്ഷീര സംഘങ്ങൾ ശ്രദ്ധ നൽകണമെന്ന് നിയമസഭ സ്പീക്കർ എ.എൻ ഷംസീർ പറഞ്ഞു. ക്ഷീര വികസന വകുപ്പ്, ആലക്കോട് ക്ഷീരവികസന യൂണിറ്റ്, ക്ഷീര സംഘങ്ങൾ, മിൽമ, ത്രിതല പഞ്ചായത്ത്, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടത്തിയ ക്ഷീര സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ട്. കർഷകർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളെ കുറിച്ച് അവരെ ബോധവത്കരിക്കുന്നതിനായി ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കണം. - സ്പീക്കർ പറഞ്ഞു.
അഡ്വ. സജീവ് ജോസഫ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആലക്കോട് യൂണിറ്റിലെ ഏറ്റവും കൂടുതൽ പാൽ അളന്ന അരങ്ങം ക്ഷീര സംഘം, യൂണിറ്റിലെ തന്നെ കൂടുതൽ പാൽ അളന്ന ക്ഷീരകർഷകർ, ക്ഷീരസംഘങ്ങളിൽ കൂടുതൽ പാലളന്ന കർഷകർ എന്നിവരെ സ്പീക്കർ ആദരിച്ചു. കന്നുകാലി പ്രദർശനത്തിൽ കറവ പശു, കന്നുക്കുട്ടി, കിടാരി എന്നീ മൂന്ന് വിഭാഗത്തിലെ വിജയികൾക്ക് കാഷ് അവാർഡും നൽകി.
ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജീജ സി. കൃഷ്ണൻ പദ്ധതി വിശദീകരിച്ചു. ആലക്കോട് പഞ്ചായത്ത് പ്രസിഡന്റ് ജോജി കന്നിക്കാട്, ഉദയഗിരി പഞ്ചായത്ത് പ്രസിഡന്റ് കെ.എസ് ചന്ദ്രശേഖരൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷീജ കൈപ്രത്ത്, ആലക്കോട് പഞ്ചായത്ത് അംഗം എം.എസ് മിനി, മുൻ ജില്ലാ പഞ്ചായത്ത് അംഗം പി.വി ബാബുരാജ്, വിവിധ ക്ഷീരസംഘം പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.