electric-line-kayariyapol

കാഞ്ഞങ്ങാട്: മൂന്നാംമൈൽ സ്‌നേഹാലയത്തിൽ നിന്നും ചാടിപ്പോയ മനോനില തെറ്റിയ ബിഹാർ സ്വദേശിയായ യുവാവ് പൈരടുക്കം കുളത്തിനു സമീപത്തെ വൈദ്യുതി ട്രാൻസ്‌ഫോർമറിൽ കയറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. കല്യാൺ റോഡിന് എതിർ വശത്ത് വെച്ച് ഒട്ടേറെ വീടുകളിൽ കയറുകയും യുവതിയുടെ മാലപൊട്ടിക്കാൻ ശ്രമിക്കുകയും ചെയ്തതോടെ നാട്ടുകാർ പിന്തുടർന്നപ്പോഴാണ് ഇയാൾ ട്രാൻസ്‌ഫോർമറിൽ കയറിയത്. നാട്ടുകാർ ഉടൻ കെ.എസ്.ഇ.ബി ഓഫിസിൽ വിവരം അറിയിച്ചതിനെ തുടർന്ന് മാവുങ്കാൽ സബ്ബ് സ്‌റ്റേഷനിൽ നിന്നും വൈദ്യുതി ബന്ധം വിഛേദിച്ചു. തുടർന്ന് സ്ഥലത്തെത്തിയ സബ് എഞ്ചിനിയർ സുനിലിന്റെ നേതൃത്വത്തിലുള്ള സംഘം താഴേയിറക്കാൻ ശ്രമിച്ചെങ്കിലും യുവാവ് കൂടുതൽ ഉയരമുളള വൈദ്യുതി തൂണിനു മുകളിലേക്കുകയറി നിലയുറപ്പിച്ചു.

വിവരം അറിഞ്ഞ് പൊലീസും സ്റ്റേഷൻ ഓഫീസർ പി.വി പവിത്രന്റെ നേതൃത്വത്തിൽ രണ്ടു യൂണിറ്റ് അഗ്നിരക്ഷാസേനയുമെത്തി സേനാംഗങ്ങൾ ഏണി വെച്ച് മുകളിൽ കയറി ഒരു മണിക്കൂറോളം നേരത്തെ പരിശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്.ഹോസ്ദുർഗ് സബ്ബ് ഇൻസ്‌പെക്ടർമാരായ സതീശൻ, ശരത്ത്, അഗ്നി രക്ഷാ സേനയിലെ എച്ച്. ഉമേശൻ, വി.എം വിനീത് എന്നിവർ വൈദ്യുതി തുണിനുമുകളിൽ കയറിയാണ് യുവാവിനെ കീഴ്‌പെടുത്തിയത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ.സതീഷ്, ഫയർ ആൻഡ് റിസ്‌ക്യൂ ഓഫീസർമാരായ അനിൽ, ശരത്ത്ലാൽ, ഷിബിൻ, അരുൺ, ഹോംഗാർഡുമാരായ രവീന്ദ്രൻ, നാരായണൻ, ബാബു, സുധാകരൻ, സിവിൽ ഡിഫൻസ് അംഗങ്ങളായ അരുൺ കുമാർ, പ്രദീപ് കുമാർ എന്നിവരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.