
കണ്ണൂർ: ഓടിക്കൊണ്ടിരുന്ന ടാങ്കർ ലോറിക്ക് പിറകിൽ അമിത വേഗതയിൽ വന്ന് ഇടിച്ച കാറിലെ യാത്രക്കാർ മുങ്ങിയതിൽ ദുരൂഹത. ഇന്നലെ പുലർച്ചെ നാലേമുക്കാലിന് കണ്ണൂർ ട്രെയിനിംഗ് സ്കൂളിനടുത്തായിരുന്നു അപകടം. പാലക്കാട് ഗ്യാസ് ഇറക്കിയ ശേഷം മംഗളുരുവിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിക്ക് പിറകിൽ ഇടത് ഭാഗത്ത് കൂടി മറികടക്കാൻ ശ്രമിച്ച കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ലോറി ഉലഞ്ഞെങ്കിലും ഡ്രൈവർ കൊല്ലം സ്വദേശി വിനോദിന്റെ അവസരോചിതമായ ഇടപെടൽ തുണയായി. ദുരന്തമുണ്ടായില്ല. അപകടത്തിൽ കാർ തകർന്നു. യാത്രക്കാർ ഓടി രക്ഷപ്പെട്ട വിവരം ലോറി ഡ്രൈവറാണ് പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ് .