പരിഹാരം കാണാതെ അധികൃതർ
ഇരിട്ടി: ഇരിട്ടി ടൗണിൽ നിന്നും മൂന്ന് കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന അത്തിത്തട്ടിലേക്കുള്ള മൂന്നു റോഡുകളും തകർന്നതോടെ പ്രദേശം ഒറ്റപ്പെട്ട അവസ്ഥയിൽ. വിശാലമായ ഉയർന്ന പ്രദേശമായ അത്തിത്തട്ടിൽ നൂറുകണക്കിന് കുടുംബങ്ങൾ അധിവസിക്കുന്നുണ്ട്.
മൂന്നു റോഡുകളും തകർന്നതോടെ ഇരിട്ടി നഗരസഭ പരിധിയിലുള്ള അത്തിത്തട്ട് പ്രദേശത്തുള്ളവർ ദുരിതത്തിൽ ആയിരിക്കുകയാണ്.
മൈലാടുംപാറയിൽ നിന്നും അത്തിത്തട്ടിലേക്കുള്ള ടാറിംഗ് റോഡ് തകർന്ന് ഗതാഗതയോഗ്യമല്ലാതായിട്ട് നാളുകൾ ഏറെയായി. ടാറിട്ട റോഡിലെ ഇളകിയ കല്ലുകൾ കാരണം കാൽനടയാത്ര പോലും ദുഃസഹമാണ്. കാൽനട യാത്ര ചെയ്യുമ്പോൾ അതുവഴി വാഹനം പോയാൽ ടാറിംഗിന്റെ ഇളകിയ കല്ലുകൾ ആളുകളുടെ ദേഹത്ത് തെറിക്കുന്നതും പതിവാണ്. ഇരുചക്ര വാഹന യാത്രക്കാർ ഉൾപ്പെടെ വീണ് പരിക്കേൽക്കുന്നതും നിത്യസംഭവമാണ്. ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള ടാക്സി വാഹനങ്ങൾ ഈ മേഖലയിലേക്ക് സർവീസ് നടത്താത്ത സാഹചര്യമാണ്. സ്‌കൂൾ ബസുകളും ഈ റോഡിലേക്ക് കുട്ടികളെ എടുക്കാൻ പോകാത്ത അവസ്ഥയാണ്.
ഇതേ അവസ്ഥ തന്നെയാണ് ജബ്ബാർകടവിൽ നിന്നും അത്തിത്തട്ടിലേക്കുള്ള റോഡിന്റെയും, ഊവാപ്പള്ളിയിൽ നിന്ന് അത്തിത്തട്ടിലേക്കുള്ള റോഡിന്റെയും സ്ഥിതി. ചെങ്കൽ പണയിലേക്കുള്ള ലോറികളും ഈ റോഡിലൂടെയാണ് കടന്നു പോകാറുള്ളത്.
നഗരസഭയുടെ അധീനതയിലുള്ള ഈ റോഡുകൾ അധികൃതർ ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുൾപ്പെടെ ഒന്നാകെ ആവശ്യപ്പെടുന്നത്.
തകർന്ന റോഡുകൾ
1. മൈലാടും പാറ - അത്തിത്തട്ട് റോഡ്
2. ജബ്ബാർകടവ് - അത്തിത്തട്ട് റോഡ്
3. ഊവാപ്പള്ളി - അത്തിത്തട്ട് റോഡ്
( പടം തകർന്നുകിടക്കുന്ന മൈലാടും പാറ അത്തിത്തട്ട് റോഡ് )