കാഞ്ഞങ്ങാട്: നിസാമുദ്ദീൻ - എറണാകുളം മംഗള എക്സ്പ്രസിനു കാഞ്ഞങ്ങാട്ട് സ്‌റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമായി. കൊവിഡ് കാലം കഴിഞ്ഞു റെയിൽ ഗതാഗതം സാധാരണ നിലയിലായതോടെ കാഞ്ഞങ്ങാട്ടും ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കണമെന്നാണ് ആവശ്യം. കാസർകോടിനും കണ്ണൂരിനുമിടയിൽ റെയിൽവേക്ക് കൂടുതൽ വരുമാനം ഉണ്ടാക്കി കൊടുക്കുന്ന സ്റ്റേഷനാണ് കാഞ്ഞങ്ങാട്. രാത്രി 11 മണിക്ക് ശേഷം ഈ ട്രെയിനിൽ യാത്ര ചെയ്യേണ്ട കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി, അജാനൂർ, പള്ളിക്കര, കോടോം ബേളൂർ, പനത്തടി, പുല്ലൂർ പെരിയ പഞ്ചായത്തുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാർ കിലോമീറ്ററുകൾ താണ്ടി നിലേശ്വരം സ്റ്റേഷനിൽ എത്തിചേരേണ്ട ദുരവസ്ഥയാണ്.
ഇതിന് പരിഹാരമായി ട്രെയിനിനു കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ എത്രയും വേഗത്തിൽ സ്റ്റോപ് അനുവദിക്കണമെ ന്നാണ് ആവശ്യം. കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ദീർഘ ദൂര ട്രൈനുകളുടെ സ്റ്റോപ്പ് കൊവിഡിന് മുമ്പുള്ള സ്ഥിതിയിലേക്ക് ആക്കാത്തത് സംബന്ധിച്ച് കേരളകൗമുദി റിപ്പോർട്ട് ശ്രദ്ധയിൽപ്പെട്ട രാജ്മോഹൻ ഉണ്ണിത്താൻ എം.പി വിഷയത്തിൽ ഇടപെടുകയുണ്ടായി. ഇത് സംബന്ധിച്ചു കേന്ദ്ര റെയിൽവേ മന്ത്രിക്കു കത്ത് നൽകിയിരുന്നു. എന്നാൽ വീണ്ടും അവഗണന തുടരുകയാണ്. വീണ്ടും റെയിൽവേ മന്ത്രിക്കും, റെയിൽവേ ബോർഡ് ചെയർമാൻ, ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, പാലക്കാട് ഡിവിഷൻ മാനേജർ എന്നിവർക്കും കത്ത് അയച്ചതായി രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി അറിയിച്ചു.