1
പുത്തൻ പ്രതീക്ഷ..നാടകം ക്ഷണിക്കാൻ വീട് കയറുന്ന വനിതാ കൂട്ടായ്മ

ചെറുവത്തൂർ: നാടകം ജനകീയമാക്കാൻ വീടുകയറി പ്രേക്ഷകരെ ക്ഷണിക്കുകയാണ് മാണിയാട്ടെ വനിതകളുടെ കൂട്ടായ്മ. നവംബർ 14 മുതൽ അരങ്ങുണരുന്ന മാണിയാട്ട് കോറസ് കലാസമിതിയുടെ എൻ.എൻ പിള്ള സ്മാരക സംസ്ഥാന നാടകോത്സവത്തിന്റെ വിജയത്തിനാണ് പുതുമയാർന്ന പരിപാടിയുമായി വനിതകളുടെ കൂട്ടായ്മ വീടുകൾ കയറിയിറങ്ങുന്നത്. കോറസിന്റേതടക്കം 11 നാടകങ്ങളാണ് അവതരിപ്പിക്കുക.

വി.വി ശാരിക, എം.വി ഹേന, എം. ഗിരിജ, വി.എം ഗീത, പി.ടി അനിത, പി. ഷീജ, കെ. തങ്കമണി, സി. ബേബി വസന്ത, വി. രേണുക, ശ്രീജ, ടി.വി ശോഭ, സുധ, വി.വി ശ്യാമള, സി.വി ഷോമ എന്നിവർ ലീഡർമാരായുള്ള ഗ്രൂപ്പുകൾ തെക്കേക്കാട്, വലിയപറമ്പ, കരിവെള്ളൂർ, ഓണക്കുന്ന്, കുണിയൻ, ഉദിനൂർ, തൃക്കരിപ്പൂർ, കാലിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് വീടുകളിലെത്തി ക്ഷണിച്ചു കഴിഞ്ഞു. നൂറ്റിപ്പത്ത് അംഗങ്ങളുണ്ട് കോറസിന്റെ വനിതാവേദിയിൽ.

വനിതകളുടെ കൂട്ടായ്മ വീടുകൾ കയറിത്തുടങ്ങിയതോടെ പ്രചാരണം കൊഴുത്തിട്ടുണ്ട്. ആകാംക്ഷയോടെയും താല്പര്യത്തോടെയുമാണ് ജീവിത ഗന്ധികളായ നാടക വിശേഷങ്ങൾ ആളുകൾ കേൾക്കുന്നതെന്നും കൊവിഡിന്റെ ഇടവേളയ്ക്ക് ശേഷം വരുന്ന നാടക മത്സരം കാണുന്നതിന് എല്ലാവരും മുമ്പേ തന്നെ തയ്യാറെടുത്ത അനുഭവമാണ് വീടുകളിൽ നിന്ന് ലഭിക്കുന്നതെന്നും നാടകത്തിന്റെ കാര്യങ്ങളെല്ലാം വീട്ടുകാർ അന്വേഷിച്ചറിയുന്നുണ്ടെന്നും ടീം ലീഡർമാർ പറയുന്നു.

വനിതാ സംഗമത്തിൽ

മന്ത്രി വീണ ജോർജ്ജും

മാണിയാട്ട് കോറസ് കലാസമിതിയുടെ വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ നവംബർ ഇരുപതിന് നടക്കുന്ന വനിതാ സംഗമത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ്ജും പങ്കെടുക്കും. ആ ദിവസത്തെ മുഴുവൻ പരിപാടികളും നിയന്ത്രിക്കുന്നത് വനിതാ വേദിയിലെ അംഗങ്ങളായിരിക്കും.

കൊവിഡിനു ശേഷം ഒരിക്കൽ കൂടി മാണിയാട്ട് ഗ്രാമം നാടെങ്ങുമുള്ള നാടക ആസ്വാദകരെ വരവേൽക്കാൻ ഒരുങ്ങുകയാണ്. വനിതകളുടെ വീട് കയറൽ പുതിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്.

-ടി.വി ബാലൻ

(ജനറൽ കൺവീനർ, സംഘാടക സമിതി)