
കണ്ണൂർ: അന്യ സംസ്ഥാനങ്ങളിൽ നിന്നു വരുന്ന അരിയ്ക്ക് ഗുണനിലവാരം കുറയുമ്പോൾ പ്രാദേശിക ബ്രാന്റുകൾക്ക് വിപണിയിൽ പ്രിയമേറുന്നു. വൻകിട ബ്രാൻഡുകൾക്ക് ബദലായി സംസ്ഥാനവിപണിയിൽ പ്രാദേശിക ബ്രാൻഡ് അരികൾ സ്ഥാനമുറപ്പിക്കുമ്പോൾ ചെറുകിട വ്യവസായങ്ങൾക്ക് പുതുജീവൻ കൂടിയായി മാറുകയാണ്. സംസ്ഥാനത്തെ പാടശേഖരസമിതികളും സംരംഭകരും പുറത്തിറക്കുന്ന 36 ബ്രാൻഡഡ് അരിയാണ് വിപണിയിലുള്ളത്.
തരിശുരഹിത കൃഷി പ്രോത്സാഹിപ്പിച്ചതും പാടശേഖരസമിതികൾ കൂടുതലായി കൃഷി ആരംഭിച്ചതും മാറ്റത്തിന് സഹായകമായി. കുത്തരി, പച്ചരി എന്നിവയ്ക്കു പുറമേ തവിട് കൂടുതലുള്ള അരിയും അരിയുൽപ്പന്നങ്ങളും ലഭ്യമാണ്. ജൈവരീതിയിൽ കൃഷി ചെയ്യുന്നതും രാസവളങ്ങൾ താരതമ്യേന കുറച്ച് ഉപയോഗിക്കുന്നതും ഇവയുടെ മേന്മയേറ്റുന്നു.സംഭരണത്തിന് പ്രത്യേക സംവിധാനവും കൃത്യമായ വിതരണശൃംഖലയും ഒരുക്കിയാൽ വിപണിയിൽ കൂടുതൽ ഇടപെടാനാകും.
ഉൽപ്പാദിപ്പിക്കുന്ന ജില്ല, ബ്രാൻഡ് ക്രമത്തിൽ. ബ്രായ്ക്കറ്റിൽ ഉൽപ്പാദനകേന്ദ്രം
കണ്ണൂർ- മയ്യിൽ -സമൃദ്ധി റൈസ് (മയ്യിൽ), നരിക്കോട് പാടശേഖര സമിതി (അരിക്ക് പേരില്ല), ചെറുതാഴം പൊന്മണി (ചെറുതാഴം), കൈപ്പാട് റൈസ് (ചെറുകുന്ന്), മാങ്ങാട്ടിടം അരി (മാങ്ങാട്ടിടം), ശ്രീഹരി (തില്ലങ്കേരി), ആറളം (ആറളം).
കാസർകോട്: ബേഡകം റൈസ് (ബേഡകം), ഹരിതശ്രീ( കോളിയടുക്കം), കെ. കെ റൈസ് (കിനാനൂർ കരിന്തളം).
മാതൃകയായി മയ്യിൽ സമൃദ്ധി
മയ്യിൽ റൈസ് പ്രൊഡ്യൂസർ കമ്പനിയാണ് പുതിയ കാർഷിക വിപ്ളവത്തിന് മാതൃകയായത്. പഞ്ചായത്തിലെ 73 വീടുകളിൽ മിനി റൈസ് മില്ലുകൾ ഇപ്പോൾ നിലവിലുണ്ട്. ഇവയുടെ എണ്ണം വർദ്ധിപ്പിക്കുന്നതോടൊപ്പം അരി ഉൽപ്പാദനം വ്യാപകമാക്കുകയാണ് പദ്ധതി. മണ്ണറിഞ്ഞും വിത്തറിഞ്ഞും വിപണിയറിഞ്ഞുമുള്ള ‘മയ്യിൽ മോഡൽ’ നെൽകൃഷി രാജ്യത്തിനാകെ പ്രചോദനമെന്ന് വിശേഷിപ്പിച്ചത് നബാർഡാണ്.
ആകെ 8162 കുടുംബങ്ങൾ
ആദ്യ ഘട്ട ഉൽപ്പാദനം 79 ശതമാനം
ഭാവിയിൽ- നൂറു ശതമാനമായി ഉയർത്തും
ആവേശം കുട്ടിക്കർഷകർക്ക്
വയലുകൾക്കൊപ്പം മുഴുവൻ വീടുകളും പൊതു സ്ഥലങ്ങളിലും കൃഷി വ്യാപിച്ചപ്പോൾ പാഠപുസ്തകങ്ങളിലെ കേട്ടറിവുകൾ ഓരോ കുട്ടികളും കണ്ടും അനുഭവിച്ചുമറിഞ്ഞു. വീട്ടുകാർക്കൊപ്പം കുട്ടികളും നടീലിൽ ഏർപ്പെടുന്ന കാഴ്ചയാണിപ്പോൾ മയ്യിലിൽ.