
കണ്ണൂർ : സി.പി. എമ്മിന്റെ പരമോന്നത ഘടകമായ പി.ബിയിലേക്ക് എം.വി.ഗോവിന്ദൻ എത്തുന്നത് എണ്ണമറ്റ കർഷക സമരങ്ങൾ കൊണ്ട് ചുവപ്പിച്ച കമ്യൂണിസ്റ്റ് മണ്ണായ മൊറാഴയ്ക്ക് പുതുചരിത്രത്തിന്റെ അഭിമാന മുഹൂർത്തം. കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് സി.പി. എം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ പി.ബിയിലേക്കെത്തുന്നത്.
മൊറാഴയിലെ പരേതനായ കെ.കുഞ്ഞമ്പു –എം.വി.മാധവി ദമ്പതികളുടെ മകനായ എം.വി.ഗോവിന്ദൻ 1970 ലാണ് പാർട്ടി അംഗമായത്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മൊറാഴയിൽ എം.വി.ഗോവിന്ദൻ ബാലസംഘം രൂപീകരിക്കുന്നതും പ്രസിഡന്റാകുന്നതും. മൊറാഴ സെൻട്രൽ യു.പി സ്‌കൂളിലും കല്യാശ്ശേരി സ്‌കൂളിലുമായിരുന്നു വിദ്യാഭ്യാസം. ബാലസംഘം പ്രവർത്തനത്തിലെ മികവ് കണ്ടാണ് പാച്ചേനി കുഞ്ഞിരാമൻ തളിപ്പറമ്പിലേക്ക് കൂടെ കൂട്ടിയത്.
കെ.എസ്.വൈ.എഫ് ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചു. ഡി.വൈ.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റും,പിന്നീട് സെക്രട്ടറിയുമായി. ഒരു ഘട്ടത്തിൽ പാർട്ടി കാസർകോട് ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയിൽ ജയിൽവാസവും പൊലീസ് മർദ്ദനവും നേരിട്ടു. 1991ൽ പാർട്ടി സംസ്ഥാന കമ്മിറ്റിയിലെത്തി. 2006 മുതൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. 1996ലും 2001ലും തളിപ്പറമ്പിൽ നിന്നു നിയമസഭയിലെത്തി. 2002 മുതൽ 2006 വരെ കണ്ണൂർ ജില്ലാ സെക്രട്ടറി.2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തളിപ്പറമ്പിൽ നിന്നു 22,689 വോട്ടിനാണ് ജയിച്ചത്.
പത്താംക്ലാസ് കഴിഞ്ഞു കോഴിക്കോട് കായിക വിദ്യാഭ്യാസ പരിശീലനത്തിനും ചേർന്നു. 18 വയസായപ്പോൾ പരിയാരം ഇരിങ്ങൽ യു.പി സ്‌കൂളിൽ കായികാദ്ധ്യാപകനായി. രാഷ്ട്രീയമാണ് പ്രധാനമെന്നു തിരിച്ചറിഞ്ഞ് ജോലി വിട്ടു.
ഹൈദരബാദ് പാർട്ടി കോൺഗ്രസ്സിലാണ് ഗോവിന്ദൻ കേന്ദ്ര കമ്മിറ്റിയിലേത്തുന്നത്. ആഗസ്റ്റ് 28നാണ് എം.വി.ഗോവിന്ദൻ സി.പി. എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തുന്നത്.