
കാഞ്ഞങ്ങാട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പെരിയ ടൗണിൽ തകർന്ന അടിപ്പാത പി.ഡബ്ല്യു.ഡി സംഘം സ്ഥലം സന്ദർശിച്ചു. പിഡബ്ല്യുഡി ക്വാളിറ്റി കൺട്രോൾ മെറ്റീരിയൽ എൻജിനിയർ എ.അനിൽകുമാർ, ബ്രിഡ്ജസ് അസി.എക്സിക്യുട്ടീവ് എൻജിനിയർ വി.എം.സുരേഷ്‌കുമാർ, അസി.എൻജിനിയർ ആർ.ഭരതൻ എന്നിവരാണ് ഇന്നലെ പെരിയയിലെത്തിയത്. സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തിരുന്നു. ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് നൽകാനാണ് സംഘം പരിശോധനയ്‌ക്കെത്തിയത്. നിർമ്മാണവേളയിൽ ഉപയോഗിച്ച സ്‌കഫോൾഡിംഗ് പൈപ്പുകൾ പഴക്കംചെന്നതോ ശരിയാംവിധം ജോയിന്റ് ചെയ്യാത്തതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് അനിൽ കുമാർ പറഞ്ഞു. നിർമാണത്തിനുപയോഗിച്ച കമ്പി, മെറ്റൽ, എം സാൻഡ് എന്നിവയുടെ സാമ്പിൾ സംഘം ശേഖരിച്ചു. മെറ്റൽ, എം സാൻഡ് എന്നിവ കാസർകോട്ടും കമ്പി കോഴിക്കോടോ വയനാടോ ഉള്ള ലാബിലും പരിശോധിക്കും. ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.