കണ്ണൂർ: 'എന്റെ ഭൂമി' എന്ന പദ്ധതിയ്ക്ക് കേരളപ്പിറവി ദിനത്തിൽ ആരംഭം കുറിക്കുന്നു. കേരളം പൂർണ്ണമായും നാലുവർഷം കൊണ്ട് ഏറ്റവും ശാസ്ത്രീയമായ രീതിയിൽ ഡിജിറ്റലായി സർവേ ചെയ്ത് കൃത്യമായ ഭൂരേഖകൾ തയ്യറാക്കുന്നതിന്റെ ഭാഗമായുള്ള ഡിജിറ്റൽ റീസർവേയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് നിർവ്വഹിക്കും. ഇതേസമയം ജില്ലാതല ഉദ്ഘാടനം തലശ്ശേരി ടൗൺ ഹാളിൽ നിയമസഭാ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ നിർവഹിക്കും. ജില്ലയിൽ ആദ്യഘട്ടത്തിൽ 14 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടത്തുമെന്ന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 'എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്" എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.
സംസ്ഥാനത്ത് റീസർവേ നടപടികൾ 1966ൽ ആരംഭിച്ചെങ്കിലും സാങ്കേതികമായ പരിമിതികൾ കാരണം ഇതുവരെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ഏറ്റവും ആധുനികമായ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി 'എന്റെ ഭൂമി" പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ആകെ 858.42 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ പദ്ധതി നടത്തിപ്പിനായി ആദ്യഘട്ടത്തിന് 438.46 കോടി രൂപ റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്നും അനുവദിച്ചിട്ടുണ്ട്.

വാർത്താ സമ്മേളനത്തിൽ അസിസ്റ്റന്റ് കളക്ടർ മിസൽ സാഗർ ഭരത്, റീസർവേ അസി. ഡയറക്ടർ രാജീവൻ പട്ടത്താരി എന്നിവർ സംബന്ധിച്ചു.

പദ്ധതി കാലയളവ്

4 വർഷം

കരാറിൽ 4700 പേരെ നിയമിക്കും

സർവേയർമാർ 1500

ഹെൽപ്പർമാർ 3200

കണ്ണൂർ ജില്ലയിൽ

സർവേയർമാർ 48

ഹെൽപ്പർമാർ 180

ആദ്യഘട്ടം കണ്ണൂരിൽ 14 വില്ലേജുകൾ

കണ്ണൂർ താലൂക്കിൽ കണ്ണൂർ 1, കണ്ണൂർ 2, പള്ളിക്കുന്ന്, പുഴാതി, എളയാവൂർ, അഴീക്കോട് നോർത്ത്, വളപട്ടണം, തലശ്ശേരി താലൂക്കിൽ തലശ്ശേരി, കോട്ടയം, ഇരിട്ടി താലൂക്കിൽ ചാവശ്ശേരി, വിളമന, കണിച്ചാർ, കരിക്കോട്ടക്കരി, ആറളം എന്നീ വില്ലേജുകളിലാണ് ആദ്യഘട്ട സർവേ. ഇത് ആറ് മാസത്തിനകം പൂർത്തിയാക്കാനാവും.

ഭൂമി സംബന്ധമായ തർക്കങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ഡിജിറ്റൽ സർവേയിലൂടെ സാധിക്കും. സർവേ നടപടികൾക്ക് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളുടെയും ജനങ്ങളുടെയും പിന്തുണ നല്കണം.

കളക്ടർ എസ്. ചന്ദ്രശേഖർ