photo-1-
പിണറായി വെസ്​റ്റിലെ സി. മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിൽ വിനോദയാത്രയ്ക്ക് പോയ വയോജനങ്ങൾ

പിണറായി :പിണറായി അമ്പലത്തിനടുത്തുള്ള എഴുപത്തിയെട്ടുകാരി പി.കെ.യശോദ, എഴുപത്തിനാലുകാരിയായ ധർമ്മടത്തെ മാലതി, മുട്ടുവേദന കൊണ്ട് കഷ്ടപ്പെടുന്ന എഴുപതിനോടുത്ത എൻ.പങ്കജാക്ഷി , തിരുവോത്ത് രാജൻ- അകലാപ്പുഴയിലെ ബോട്ട് യാത്രയിൽ പ്രായം മറന്ന് പാടുകയും നൃത്തം ചെയ്യുകയുമായിരുന്നു ഇവരെല്ലാം. പിണറായി വെസ്​റ്റിലെ സി. മാധവൻ സ്മാരക വായനശാലയുടെ ഭാരവാഹികൾ വയോജനങ്ങൾക്കായി നടത്തിയ ഏഴാമത്തെ യാത്രയിലാണ് ഇവരെല്ലാം അടിച്ചുപൊളിച്ചത്.

പത്ത് വർഷം മുമ്പ് പടന്നക്കര പാർക്കിലേക്ക് ആയിരുന്നു ആദ്യ യാത്ര. അന്ന് നാട്ടിലെ ചെറിയ ചെറിയ വാഹനങ്ങളിലാണ് വയോജനങ്ങളെ അവിടെ എത്തിച്ചതും തിരിച്ചുകൊണ്ടുവന്നതും. പിന്നീട് ധർമ്മടം ബീച്ചിലേക്കും മുഴപ്പിലങ്ങാട് ബീച്ചിലേക്കും കണ്ണൂർ കോട്ടയിലേക്കും പറശ്ശിനിക്കടവിലേക്കും മാടായിപ്പാറയിലേക്കും പയ്യാമ്പലത്തേക്കും വിസ്മയിലേക്കും ഒക്കെ യാത്രകൾ നീണ്ടു. കണ്ണൂർ വിമാനത്താവളത്തിന്റെ ഉദ്ഘാടനം കഴിഞ്ഞ ഉടനെ അവിടെ നിന്നും എറണാകുളത്തേക്ക് വിമാനയാത്ര കൂടി നടത്തിയതോടെ ഈ യാത്രാസംരംഭം ശ്രദ്ധ പിടിച്ചുപ​റ്റി.

കോഴിക്കോടിന്റെ കുട്ടനാട് എന്നറിയപ്പെടുന്ന അകലാപ്പുഴയിലെ പ്രകൃതിസൗന്ദര്യം ആസ്വദിച്ചു കൊണ്ടുള്ള ബോട്ട് യാത്ര വയോജനങ്ങളേറെ ആസ്വദിച്ചു. ലോകനാർക്കാവ്, സിദ്ധാശ്രമം, ഇരിങ്ങൽ സർഗലയ എന്നിവിടങ്ങൾ സന്ദർശിച്ച് ഉച്ച കഴിഞ്ഞാണ് അകലാപ്പുഴയിൽ എത്തിയത്. ബോട്ട് യാത്രയ്ക്ക് ശേഷം തിക്കോടി ബീച്ചിൽ എത്തിയപ്പോൾ പ്രായത്തിന്റെ അവശതകൾ എല്ലാം മറന്ന് എല്ലാവരും തിരമാലകൾക്കിടയിലേക്ക് ഇറങ്ങി.ഇനിയും അടുത്ത യാത്രയിൽ ഒത്തുകൂടാം എന്ന പ്രതീക്ഷയോടെ യാത്ര അവസാനിപ്പിക്കുമ്പോൾ വയോജനങ്ങളെ ചേർത്തുപിടിക്കുന്ന ഒരു നാടിന്റെ കരുതലായി ഈ യാത്രയും മാറി.

കൊവിഡ് കാരണം രണ്ടുവർഷം ഇത്തരം യാത്രകൾ മുടങ്ങിയതാണ്. ഏതാനും മാസം മുമ്പ് കെ.എസ്.ആർ.ടി.സിയുടെ വയനാട് യാത്രയോടെയാണ് പുനരാരംഭിച്ചത്