തലശ്ശേരി: മൂന്ന് ദിവസങ്ങളിലായി തലശ്ശേരിയിലെ അഞ്ച് സ്‌കൂളുകളിൽ നടക്കുന്ന കണ്ണൂർ റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് ഇന്ന് തുടക്കമാവും. 15 ഉപജില്ലകളിൽ നിന്നുള്ള 4000 ത്തോളം ശാസ്ത്ര പ്രതിഭകളായ വിദ്യാർത്ഥികൾ മറ്റുരക്കുന്ന ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ ഐ.ടി.മേള ഒരുക്കങ്ങൾ പൂർത്തിയായതായി കണ്ണൂർ ഡി.ഡി.ഇ വി.എ.ശശീന്ദ്ര വ്യാസ് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉദ്ഘാടനം രാവിലെ 10ന് ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറിയിൽ നടക്കും. നഗരസഭാ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ഷബാന ഷാനവാസിന്റെ അദ്ധ്യക്ഷതയിൽ നഗരസഭാ ചെയർപേഴ്സൺ കെ.എം. ജമുനാ റാണി ഉദ്ഘാടനം ചെയ്യും.3 ന് വൈകിട്ട് സമാപന സമ്മേളനം ഉദ്ടഘാടനവും സമ്മാനദാനവും വൈസ് ചെയർമാൻ വാഴയിൽ ശശി നിർവ്വഹിക്കും. സെന്റ് ജോസഫ് ഹയർ സെക്കൻഡറി -ശാസ്ത്രമേള, ബി.ഇ.എം.പി.ഹയർ സെക്കൻഡറി -സാമൂഹ്യ ശാസ്ത്രമേള, മുബാറക് ഹയർ സെക്കൻഡറി- പ്രവൃത്തി പരിചയമേള, സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി -ഗണിത ശാസ്ത്രമേള, ഗവ. ബ്രണ്ണൻ ഹയർ സെക്കൻഡറി -ഐ.ടി മേള, വൊക്കേഷണൽ എക്സ്‌പോ യുമാണ് വേദികൾ. മേളയിൽ പങ്കെടുക്കുന്ന മത്സരാർത്ഥികൾക്കും അനുഗമിക്കുന്ന അദ്ധ്യാപകർക്കും മറ്റുള്ളവർക്കും അതാതിടങ്ങളിൽ ഭക്ഷണം എത്തിച്ചു നൽകും.ഭക്ഷണ സൗകര്യം ഗവ. ഗേൾസ് ഹയർ സെക്കന്ററിയിലാണ് ഒരുക്കുന്നത്.
തലശ്ശേരി ഡി.ഇ.ഒ എ.പി. അംബിക, ഒ.പി. മുഹമ്മദ് അബ്ദുള്ള, കെ. രമേശൻ, കെ. ഇസ്മയിൽ, എസ്.കെ. ബഷീർ, വി.വി. വിനോദ് കുമാർ, സുനിഷ് കുമാർ, എം. സുനിൽകുമാർ, കെ.പി. വികാസ് എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.