pfi

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് നിരോധിച്ച പശ്ചാത്തലത്തിൽ കർശന നിരീക്ഷണവും പരിശോധനയുമായി സംസ്ഥാന പൊലീസ്. ജില്ലയിൽ ഇന്നലെ ആറ് പ്രാദേശിക ഓഫീസുകളിൽ റെയ്ഡ് നടന്നു. ചെറൂട്ടി റോഡിലെ സൗത്ത് ജില്ലാ കമ്മിറ്റി ഓഫീസിൽ പരിശോധനയ്ക്കെത്തിയ ടൗൺ പൊലീസ് കുത്തിതുറന്നാണ് അകത്തുകടന്നത്.
കഴിഞ്ഞ ദിവസം പൂട്ടി സീൽ ചെയ്ത പോപ്പുലർ ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ഓഫീസായ മീഞ്ചന്തയിലെ യൂണിറ്റി ഹൗസ് കേന്ദ്രീകരിച്ച് കർശന സുരക്ഷയാണ് തുടരുന്നത്. അവിടേക്ക് വരുന്നവരെയും ബന്ധം പുലർത്തുന്നവരെയും നിരീക്ഷിക്കുന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി ഉമേഷ് പറഞ്ഞു. നിരോധന ശേഷം ചെറു സംഘടനകളോ കൂട്ടായ്മകളോ ഉണ്ടാക്കുന്നതും മറ്റ് സംഘടനകളിലേക്ക് ചേക്കേറുന്നതും പൊലീസ് നിരീക്ഷിച്ചു വരികയാണ്. അക്രമങ്ങളിൽ പങ്കാളികളായവർക്കെതിരെയും കേസുകളെക്കുറിച്ചും അന്വേഷണം ശക്തമാക്കി. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ പ്രധാന ശക്തി കേന്ദ്രങ്ങളിൽ ഒന്നാണ് കോഴിക്കോട്. കഴിഞ്ഞമാസം കോഴിക്കോട് കടപ്പുറത്ത് നടത്തിയ ഫ്രീഡം പരേഡിലേക്ക് ഒഴുകിയെത്തിയത് പതിനായിരങ്ങളാണ്. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് പ്രവർത്തകരെത്തുമ്പോൾ അതിന് ചുക്കാൻ പിടിച്ചത് കോഴിക്കോട് കേന്ദ്രീകരിച്ചായിരുന്നു. എൻ.ഐ.എ റെയ്ഡും അറസ്റ്റും ഉണ്ടായപ്പോൾ പലതരം കൂട്ടായ്മകളിലൂടെയാണ് പ്രതിഷേധമുയർന്നത്. അതിൽ നിരോധിച്ച സംഘടനകൾ ഉൾപ്പെടെയുണ്ട് അത്തരം കൂട്ടായ്മകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. നേരത്തെ എൻ.ഐ.എയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നതെങ്കിൽ നിലവിൽ കേന്ദ്ര നിർദ്ദേശ പ്രകാരം സംസ്ഥാന പൊലീസാണ് തുടർ നടപടികൾ സ്വീകരിക്കുന്നത്. യൂണിറ്റി ഹൗസ്, ക്യാംപസ് ഫ്രണ്ടിന്റെ ചക്കുംകടവിലെ സംസ്ഥാന കമ്മറ്റി ഓഫീസ്, എ.ജി.റോഡിലെ ജില്ലാ കമ്മിറ്റി ഓഫീസ്, മാവൂർ റോഡ് ഇസ്ലാമിക് സെന്ററിലെ രണ്ട് ഓഫീസുകൾ, വടകര, താഴത്തങ്ങാടി, കുറ്റ്യാടി, നാദാപുരം എന്നിവിടങ്ങളിലെ ഓഫീസുകളുമാണ് കഴിഞ്ഞ ദിവസം പൂട്ടി സീൽ ചെയ്തത്. ഇതിനുപുറമെയാണ് ഇന്നലെ നടന്ന പരിശോധന. നിരോധനത്തിനുശേഷം ഈ ഓഫീസുകളൊന്നും പ്രവർത്തിക്കുന്നില്ല.