isacc
കോർപ്പറേഷൻ നോളജ് ആൻഡ് സ്‌കിൽ ബാങ്ക് രൂപീകരണ യോഗം ടൗൺഹാളിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: കേരളത്തിന്റെ മനുഷ്യ വിഭവ ശേഷിയെ നാടിന്റെ വികസന പദ്ധതികളുമായി കണ്ണിചേർക്കണമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഡോ.ടി.എം.തോമസ് ഐസക് പറഞ്ഞു. കോർപറേഷൻ നോളജ് ആൻഡ് സ്‌കിൽ ബാങ്ക് രൂപീകരണ യോഗം ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണമാണ് കേരളത്തിൽ ജനകീയ പങ്കാളിത്തത്തിന്റെ മാതൃക തീർത്തത്. അതിന്റെ പാഠങ്ങൾ ഉൾകൊള്ളണം. വയോജന ബാങ്ക് എന്ന ആശയം രാജ്യത്തിനുതന്നെ മാതൃകയാണ്. കോഴിക്കോടിന് ഇത് വിജയിപ്പിക്കാനായാൽ മറ്റുള്ളവർ അത് ഏറ്റെടുക്കും. വയോജനങ്ങൾ ബാദ്ധ്യതയല്ലെന്ന് സമൂഹത്തെ ബോദ്ധ്യപ്പെടുത്തണമെന്നും ഐസക് പറഞ്ഞു. ഡെപ്യൂട്ടി മേയർ സി.പി.മുസാഫർ അഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി ചെയർമാൻമാരായ പി.സി.രാജൻ, കൃഷ്ണകുമാരി, സെക്രട്ടറി കെ.യു.ബിനി എന്നിവർ പ്രസംഗിച്ചു. കോർപ്പറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ദിവാകരൻ സ്വാഗതം പറഞ്ഞു.