കൊയിലാണ്ടി: നിരോധിച്ച പുകയില ഉത്പന്നങ്ങൾ നഗരത്തിലും നാട്ടിൻപുറങ്ങളിലും സുലഭം. പരമ്പരാഗതമായ കച്ചവട രീതികൾക്ക് പുറമെ സ്കൂട്ടറിൽ നേരിട്ടെത്തി ആവശ്യക്കാർക്ക് വില്പന നടത്തുന്ന രീതിയാണ് ഇപ്പോൾ. പൊലീസിന്റേയും എക്സൈസിന്റേയും കണ്ണ് വെട്ടിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. നേരത്തെ പെട്ടിക്കടകളും നാട്ടിൻ പുറത്തെ മസാല ക്കടകളും വഴിയാണ് കച്ചവടം നടത്തിയിരുന്നത്. ഇപ്പോൾ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കും തൊഴിലാളികൾ കേന്ദ്രീകരിക്കുന്നിടത്തും നേരിട്ടെത്തിയാണ് വിൽപ്പന. ഇത്തരക്കാരെ കണ്ടെത്തി നടപടി എടുക്കാൻ ജാഗ്രതാ സമിതികൾ പൊലീസിലും എക് സൈസിലും പരാതി നല്കിയെങ്കിലും ഫലമുണ്ടായില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വാഹനങ്ങളുടെ നമ്പർ സഹിതമാണ് പരാതി നല്കിയത്. ഹാൻസ്, കൂൾ പിസ്റ്റ്, ചുക്ക്, ബ്ലാക്ക് കോട്ട് എന്നിവയാണ് കൂടുതലും വിൽക്കുന്നത്. ആഗസ്റ്റ് , സെപ്തംബർ മാസത്തിൽ കൊയിലാണ്ടി സി.ഐ എൻ.സുനിൽ കുമാറും സംഘവും നടത്തിയ വാഹന പരിശോധനയിൽ ഏഴ് ലക്ഷം രൂപ വിലവരുന്ന പുകയില ഉല്പന്നങ്ങൾ പിടികൂടിയിരുന്നു. 13, 500 പാക്കറ്റുകളാണ് പിടികൂടിയത്. വിലകൂടിയ കാറുകളിലാണ് ഇവകടത്തിയിരുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉപയോഗപ്പെടുത്തിയും കച്ചവടം നടത്തുന്നതായും പാരലൽ കോളേജ് അദ്ധ്യാപകർ പറയുന്നു. ഓൺ ലൈനിൽ ലഹരി വസ്തുക്കൾ വരുത്തി കച്ചവടം ചെയ്യുന്നവരും കൂടിയിട്ടുണ്ട്.
സ്കൂൾ തുറന്ന സമയത്ത് എക്സൈസ് വിഭാഗം സമീപത്തെ കച്ചവടസ്ഥാപനങ്ങളിൽ പരിശോധന നടത്തിയിരുന്നു. എന്നാൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസ് പരിശോധന ശക്തമാക്കുമ്പോൾ നേരിട്ട് ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുന്ന സമ്പ്രദായമാണ് ഇവർ സ്വീകരിക്കുന്നത്. ഗ്രാമപ്രദേശങ്ങളിൽ പല കച്ചവട സ്ഥാപനങ്ങളിലും പ്രധന കച്ചവടം പുകയില ഉല്പന്നങ്ങളാണ്. കാലത്തും വൈകുന്നേരവുമാണ് കച്ചവടം. ജാഗ്രതാ സമിതിയും സന്ന ദ്ധ സംഘടനകളും പൊലീസും എക്സൈസും സംയുക്തമായി നടത്തുന്ന പ്രവർത്തനത്തിലൂടെ മാത്രമേ ഇത്തരക്കാരെ നിയമത്തിന്റെ മുന്നിൽ കൊണ്ട് വരാൻ കഴിയുള്ളൂ എന്ന് ജാഗ്രതാ സമിതി പ്രവർത്തകർ പറയുന്നത്.