നാദാപുരം: കല്ലാച്ചി ടൗണിൽ സംസ്ഥാനപാതയിലെ ഓവുപാലം നിർമ്മാണം ആരംഭിച്ചതോടെ ഗതാഗത കുരുക്കിൽ വലഞ്ഞ് യാത്രക്കാർ. നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി റോഡിന്റെ പകുതി ഭാഗം പൂർണമായി അടച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്. പൊതുവെ ഗതാഗതകുരുക്ക് കൊണ്ട് വീർപ്പുമുട്ടുന്ന ടൗണിൽ റോഡിൻ്റെ പകുതി ഭാഗം വെട്ടിപ്പൊളിച്ചതോടെയാണ് സ്ഥിതി രൂക്ഷമായത്. രാവിലെ എട്ട് മണി മുതൽ രാത്രി ഒമ്പത് മണി വരെ ഇരുവശത്തേക്കും നീളുന്ന വാഹനങ്ങളൂടെ നിരയാണ്. ഒരു ഭാഗത്ത് പയന്തോങ്ങ് വരെയും മറുഭാഗത്ത് നാദാപുരം വരെയും നീളുന്ന വാഹനങ്ങളുടെ നിരയാണ് രൂപപ്പെടുന്നത്. പൊലീസും ഹോം ഗാർഡും പകൽ മുഴുവൻ ഏറെ പണിപ്പെട്ടാണ് വാഹനങ്ങൾ നിയന്ത്രിക്കുന്ന. ഒരു ഭാഗത്തെ വാഹനങ്ങൾ പോയി തീരും വരെ മറുഭാഗത്ത് കാത്തിരിക്കേണ്ട അവസ്ഥയാണ്. കല്ലാച്ചി ടൗൺ ഒഴിവാക്കിക്കൊണ്ട് ബൈപാസ് റോഡ് വേണമെന്ന് ആവശ്വത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇതിനായി ഫണ്ട് പലതും വകയിരുത്തിയിരുന്നെങ്കിലും തുടർ നടപടികൾ ഒന്നുമുണ്ടായിട്ടില്ല. പദ്ധതികൾ കടലാസിൽ ഒതുങ്ങി ടൗണിലെ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും ശാശ്വത പരിഹാരം കാണാൻ 3 കോടിയുടെ പദ്ധതിക്ക് അംഗീകാരം ലഭിച്ചെങ്കിലും വിവിധ കോണുകളിൽ നിന്ന് ഉയർന്ന എതിർപ്പിനെ തുടർന്ന് മുടങ്ങികിടക്കുകയാണ്. മഴക്കാലത്ത് ചെറിയ മഴ പെയ്താൽ പോലും റോഡ് വെള്ളത്തിൽ മുങ്ങി കടകളിലേക്ക് ഇരച്ചു കയറുന്ന സ്ഥിതിയാണ്. ഇതോടെ വൻ നഷടമാണ് ഓരോ വർഷവും വ്യാപാരികൾക്ക് ഉണ്ടാകുന്നത്. പ്രശ്നം പരിഹരിക്കണമെന്ന് വ്യാപാരികൾ നിരന്തരമായി ആവശ്യപ്പെട്ടു വരികയായിരുന്നു. കല്ലാച്ചി ടൗണിലെക്ക് ഒഴുകിയെത്തുന്ന മഴവെള്ളം കുമ്മങ്കോട് റോഡിലെ ഓവുചാലിലേക്ക് തിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെയാണ് പൊതുമരാമത്ത് വകുപ്പ് അനുവദിച്ച 25 ലക്ഷം രൂപ ഉപയോഗിച്ച് സംസ്ഥാനപാതക്ക് കുറുകെ ഓവുപാലം നിർമിക്കുന്നത്.