വടകര : നൂറുകണക്കിന് ജനങ്ങൾ എത്തുന്ന വടകര സിവിൽ സ്റ്റേഷനിൽ വെള്ളവും വെളിച്ചവും മുടങ്ങാതിരിക്കാൻ നടപടി വേണമെന്ന ആവശ്യം ശക്തം. സിവിൽ സ്റ്റേഷനിൽ വൈദ്യുതി വിഛേദിക്കപ്പെടുന്നതോടെ വെളളവും ലഭിക്കാതാവുന്ന സ്ഥിതിയാണ്. അതോടെ സിവിൽ സ്റ്റേഷന്റെ പ്രവർത്തനം താളം തെറ്റുന്നു. ഇത് പൊതുജനങ്ങൾക്കും ജീവനക്കാർക്കും ഒരേ പോലെ പ്രയാസമാവുകയാണ്. സിവിൽ സ്റ്റേഷനിലെ പഴയ ബ്ലോക്കിൽ നിലവിൽ എല്ലാ ഓഫീസുകൾക്കും ഒരു വൈദ്യുതി മീറ്റർ ആണ് ഉള്ളത്. പ്രതിമാസം 20,000 ത്തിൽ കൂടുതൽ രൂപയാണ് ബിൽ തുക വരുന്നത്. കെട്ടിടത്തിൽ പ്രവർത്തിച്ചു വരുന്ന മുഴുവൻ ഓഫീസുകൾക്കുമായി വിഭജിച്ച് നൽകുന്ന രീതിയാണ് നിലവിലുള്ളത്. കൂടാതെ ഏതെങ്കിലും ഒരു ഓഫീസ് ബിൽ തുക അടയ്ക്കാതിരുന്നാൽ മൊത്തത്തിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്ന രീതിയാണ് നിലവിൽ. ഇത് പരിഹരിക്കുന്നതിനായി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ഓരോ ഓഫീസിനും പ്രത്യേകം മീറ്റർ സ്ഥാപിക്കേണ്ടതുണ്ട്. ഇതിനായി 21,90,000/- രൂപയുടെ എസ്റ്റിമേറ്റ് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ വിഭാഗം തയാറാക്കി സർക്കാർ മുമ്പാകെ സമർപ്പിച്ചിട്ടുണ്ട്.
വൈദ്യുതി പ്രതിസന്ധി മന്ത്രിയ്ക്ക് നിവേദനം നൽകി
സിവിൽ സ്റ്റേഷനിലെ വൈദ്യുതി പ്രതിസന്ധിയ്ക്ക് പരിഹാരം ആവശ്യപ്പെട്ട് എഫ്.എസ്.ടി.ഒ വടകര താലൂക്ക് കമ്മിറ്റിയുടെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയ്ക്ക് നിവേദനം നൽകി. പ്രവൃത്തിക്ക് എത്രയും വേഗത്തിൽ അനുമതി ലഭ്യമാക്കുന്നതിനുള്ള ഇടപെടൽ നടത്തണമെന്നതും മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുകയുണ്ടായി. പ്രശ്നം പരിഹരിക്കുന്നതിനായി സത്വര നടപടികൾ കൈകൊള്ളുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എഫ്.എസ്.ടി.ഒ സെക്രട്ടറി ടി.സജിത്ത് അറിയിച്ചു.