കുറ്റ്യാടി: ഇതുമൊരു റോഡാണ്. പക്ഷേ ഈ റോഡിലൂടെ യാത്ര ചെയ്യണമെങ്കിൽ കുറച്ച് അഭ്യാസങ്ങൾ പഠിക്കണമെന്ന് മാത്രം.
വട്ടോളി സംസ്ഥാനപാതയിൽ നിന്നും ആരംഭിച്ച് പാതിരിപ്പറ്റയിലെത്തുന്ന റോഡിന്റെ സ്ഥിതി ശോചനീയാവസ്ഥയിലാണ്.
കുണ്ടും കുഴിയും നിറഞ്ഞ യാത്ര ദുസഹമാണ്. പത്ത് വർഷങ്ങൾക്ക് മുമ്പ് ടാറിംഗ് നടന്ന റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. കുടിവെള്ള പൈപ്പ് സ്ഥാപിക്കുന്നതിനായി റോഡിന്റെ ഇരുഭാഗത്തും കുഴിയെടുത്തതോടെ ചെളിക്കുളമായി. കരിങ്കല്ലും പാറപ്പൊടിയും ഇട്ടാണ് റോഡിലെ കുഴി നികത്തുന്നത്. മാസങ്ങളായി ക്വാറി അവശിഷ്ടം നിരത്തിയിട്ടിരിക്കുന്നെങ്കിലും റോഡിലെ കുഴി അടയ്ക്കാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. മലയോര ഉൾനാടൻ പ്രദേശങ്ങളിൽ സ്കൂൾ ബസുകളും ജനകീയം ജീപ്പ് സർവീസുകളും ഉൾപ്പെടെ നിരവധി വാഹനങ്ങൾ ഇതുവഴി സർവീസ് നടത്തുന്നുണ്ട്. വട്ടോളി പാതിരിപ്പറ്റ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കണമെന്ന് എൽ.ജെ.ഡി കുന്നുമ്മൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. വി.പി.വാസു അദ്ധ്യക്ഷത വഹിച്ചു. ഷാജി വട്ടോളി, ആർ.പി. വിനോദൻ, എ.പി. സു മേഷ്, എൻ.കെ. എൻ.കെ. വിനോദൻ എന്നിവർ പ്രസംഗിച്ചു.