കോഴിക്കോട് : അംബേദ്കർ ഗ്രാമ വികസന പദ്ധതിയുടെ ഭാഗമായി മണിയൂർ ഗ്രാമപഞ്ചായത്തിലെ മൂഴിക്കൽ പട്ടികജാതി കോളനി നവീകരണത്തിന് 50 ലക്ഷം രൂപയുടെ എസ്റ്റിമേറ്റിന് സർക്കാർ അനുമതി നൽകിയതായി കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ അറിയിച്ചു.
അടങ്കൽ തുകയിൽ അധികരിക്കാതെ കോളനിയിലെ വിവിധ വീടുകളുടെ പുനരുദ്ധാരണവും നടപ്പാതയും കമ്മ്യൂണിറ്റി ഹാളിന്റെ വൈദ്യുതീകരണവും എസ്റ്റിമേറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജില്ലാ നിർമ്മിതി കേന്ദ്രത്തിനാണ് പ്രവൃത്തിയുടെ നിർമ്മാണച്ചുമതല. ആറുമാസത്തിനകം പ്രവൃത്തി പൂർത്തിയാക്കണമെന്നാണ് കരാർ.