lodge-
കൊല്ലം പുനലൂർ സ്വദേശി അഞ്ജലി ഭവനിൽ രമേശന്റെ ആത്മഹത്യ ഭീഷണിയെ തുടർന്ന് കൽപ്പറ്റ എം.ജി.ടി ലോഡ്ജിലെത്തിയ പൊലീസും ഫയർഫോഴ്സും മാധ്യമ പ്രവർത്തകരും

കൽപ്പറ്റ: പൊലീസിൽ നിന്നും നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് കൽപ്പറ്റയിൽ ടാപ്പിംഗ് തൊഴിലാളിയുടെ ആത്മഹത്യ ഭീഷണി. കൊല്ലം പുനലൂർ സ്വദേശി അഞ്ജലി ഭവനിൽ രമേശൻ (48) ആണ് രണ്ടു മണിക്കൂർ നേരം പൊലീസിനെയും ഫയർഫോഴ്സിനെയും വട്ടം കറക്കി ആത്മഹത്യ ഭീഷണി മുഴക്കിയത്. കൽപ്പറ്റ എം.ജി.ടി ലോഡ്ജിലായിരുന്നു സംഭവം.
രണ്ടേമുക്കാലോടെ വാതിൽ ചവിട്ടി പൊളിച്ച് പൊലീസും ഫയർഫോഴ്സും ചേർന്ന് ഇയാളെ പിടികൂടി. 2020ൽ ഒന്നാം സമ്മാനം ലഭിച്ച ലോട്ടറി ടിക്കറ്റ് മറ്റൊരാൾ തട്ടിയെടുത്ത് പണം കൈക്കലാക്കിയെന്നാണ് രമേശിന്റെ പരാതി. ജനുവരി 8ന് അമ്പലവയലിൽ നടക്കുന്ന പൂപ്പൊലി കാണാൻ എത്തിയപ്പോൾ പൗർണമിയുടെ ലോട്ടറി ടിക്കറ്റ് എടുക്കുന്നത്. ഈ ടിക്കറ്റിന് ഒന്നാം സമ്മാനമായ 60 ലക്ഷം രൂപ അടിച്ചെന്ന് രമേശൻ പറയുന്നു. ടിക്കറ്റുമായി പണം മാറ്റാനായി പോകാനുള്ള ഒരുക്കത്തിനിടെ രണ്ടുപേർ ചേർന്ന് തന്നെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയ ശേഷം ടിക്കറ്റ് കൈലാക്കി. തന്നെ ദിവസങ്ങളോളം
പൂട്ടിയിട്ടൊന്നും രമേശൻ പറയുന്നു. സംഭവത്തിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും പൊലീസിൽ നിന്നും നീതി ലഭിച്ചില്ല. തുടർന്ന് ജില്ലാ കളക്ടർക്കും പരാതി നൽകി എന്നാൽ കളക്ടറിൽ നിന്നും തനിക്ക് അനുകൂലമായ നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് താൻ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചതെന്ന് രമേശൻ പറയുന്നു. രാവിലെ പതിനൊന്നരയോടെ
വയനാട് പ്രസ് ക്ലബ്ബിലെ ലാൻഡ് ഫോണിലേക്ക് വിളിച്ചറിയിച്ചായിരുന്നു ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസിൽ നിന്നും നീതി ലഭിക്കാത്ത സാഹചര്യത്തിൽ താൻ എം.ജി.ടി.യിലെ 305 ആം നമ്പർ മുറിയിൽ അടുത്ത നിമിഷം ആത്മഹത്യ ചെയ്യുമെന്നായിരുന്നു വിളിച്ചറിയിച്ചറിയിച്ചത്. പ്രസ് ക്ലബ്ബിൽ നിന്നും പൊലീസ് സ്റ്റേഷനിലേക്ക് വിവരം കൈമാറിയതോടെ എം.ജി.ടി ലോഡ്ജിലേക്ക് ആദ്യം പൊലീസും പിന്നീട് ഫയർഫോഴ്സും പറന്നെത്തി. പൊലീസിന്റെ സാന്നിധ്യം അറിഞ്ഞതോടെ രമേശൻ ദേഹത്ത് മണ്ണെണ്ണയും പെട്രോളും ഒഴിച്ചു. മുറിക്കുള്ളിലും പെട്രോൾ ഒഴിച്ച് ഭീഷണി മുഴക്കി. പറയാനുള്ളത് മാധ്യമങ്ങളോട് പറയാൻ ആവശ്യപ്പെട്ടെങ്കിലും കത്ക് തുറക്കാൻ രമേശൻ തയ്യാറായില്ല. മണിക്കൂറുകൾ നീണ്ടിട്ടും രമേശൻ നിലപാടിൽ നിന്നും മാറിയില്ല. ഇതിനിടയിൽ കൽപ്പറ്റ ഡി.വൈ.എസ്.പി ജേക്കബ് സ്ഥലത്തെത്തി. ആവശ്യങ്ങളെല്ലാം പരിഹരിക്കാമെന്ന് പറഞ്ഞെങ്കിലും അദ്ദേഹം വഴങ്ങിയില്ല. വെള്ളം ആവശ്യപ്പെട്ടപ്പോൾ രമേഷിനെ ജനാലയിലൂടെ വെള്ളം നൽകി. ജില്ലാ കളക്ടർ സ്ഥലത്തെത്തണമെന്നായിരുന്നു അടുത്ത ഡിമാൻഡ്. തുടർന്ന് ജില്ലാ കളക്ടർ ചുമതലപ്പെടുത്തിയ പ്രകാരം തഹസിൽദാർ ടോമിച്ചൻ സ്ഥലത്തെത്തി. വാതിൽ ചവിട്ടി പൊളിക്കാനുള്ള ശ്രമം മനസിലാക്കിയ രമേശൻ കയ്യിൽ ഉണ്ടായിരുന്ന ആയുധമുയർത്തിക്കാട്ടി ഭീഷണി മുഴക്കി. ഒടുവിൽ പൊലീസും ഫയർഫോഴ്സും സംയുക്തമായി വാതിൽ ചവിട്ടി പൊളിച്ചു ഉള്ളിൽ കയറുകയായിരുന്നു. തീകൊളുത്താനുള്ള ശ്രമം തടഞ്ഞ് രമേശിനെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെയാണ് പൊലീസിനും ഫയർഫോഴ്സിനും ആശ്വാസമായത്.