രാമനാട്ടുകര: രാമനാട്ടുകര നഗരസഭയിലെ 28,29,30 ​ ​ഡിവിഷനുകളിലൂടെ ഒഴുകുന്ന കുനിയിൽ തോടിന്റെ ഇരുകരകളിലും നടക്കുന്ന കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സി.പി.ഐ കോടമ്പുഴ ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു. കൊയ്ത്തലപ്പാടത്തു നിന്നാരംഭിച്ച് കോടമ്പുഴ അങ്ങാടിയിലൂടെ ചാലിയാറിൽ ചേരുന്ന തോടാണിത്. വ്യാപകമായ കൈയേറ്റം മൂലം തോടിന്റെ വീതിയും ആഴവും കുറയുകയും നീരൊഴുക്ക് പലയിടത്തും നിലയ്ക്കുകയും ചെയ്തു. സർവേ നടത്തി കൈയേറ്റം നടത്തിയ ഭൂമി തിരിച്ചു പിടിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വി.ഷംസീർ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി വി.എ.സലീം, ബ്രാഞ്ച് സെക്രട്ടറി പി.എം.ഷെരീഫ് ,കെ.മുഹമ്മദ് ,വി.ജംഷീദ്, കെ അത്താമു, വി.ഷംസുദീൻ , എം.റഫീഖ് എന്നിവർ പ്രസംഗിച്ചു.