drugs
drugs

കോഴിക്കോട്: നാടിന്റെ അസ്തിത്വം കാത്തുസൂക്ഷിക്കാനുള്ള ധീരമായ പോരാട്ടത്തിനാണ് ലഹരിവിരുദ്ധ കാമ്പയിനിലൂടെ സംസ്ഥാനം തുടക്കം കുറിക്കുന്നതെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു മന്ത്രി അഹമ്മദ് ദേവർകോവിൽ. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ നേതൃത്വത്തിൽ നടന്ന ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിവിരുദ്ധ കാമ്പയിനിന്റെയും ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വിവിധ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ ലോകത്തിന് അഭിമാനമാണ്. എന്നാൽ ഇവയ്ക്കെല്ലാം വെല്ലുവിളി ഉയർത്തുന്നതാണ് വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം. കേരളത്തിലെ മുഴുവൻ ജനങ്ങളെയും കോർത്തിണക്കിയാണ് സർക്കാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നത്. ഒരു വിദ്യാർത്ഥി ലഹരി ഉപയോഗത്തിൽ പെട്ടുപോയിട്ടുണ്ടെങ്കിൽ സഹപാഠിയെ തിരിച്ചുകൊണ്ടുവരുന്ന ഉത്തരവാദിത്വം മറ്റ് വിദ്യാർത്ഥികൾ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

നടക്കാവ് ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിച്ച സംസ്ഥാനതല ലഹരിവിരുദ്ധ കാമ്പയിനിന്റെ വീഡിയോ പ്രദർശനവും നടത്തി. ലഹരിവിരുദ്ധ മുദ്രാവാക്യങ്ങൾ എഴുതിയ ബലൂണുകൾ മന്ത്രി, എം.എൽ.എ, ഉദ്യോഗസ്ഥർ എന്നിവർ കുട്ടികൾക്കൊപ്പം ചേർന്ന് ആകാശത്തേക്ക് പറത്തി.

ജില്ലാകളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഢി മുഖ്യാതിഥിയായിരുന്നു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ അബു അബ്രഹാം, എ.ഇ.ഒ എം.ജയകൃഷ്ണൻ, പ്രിൻസിപ്പൽ കെ.ബാബു, പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ദീപ.കെ സ്വാഗതവും അസി. ഇൻഫർമേഷൻ ഓഫീസർ സൗമ്യ മത്തായി നന്ദിയും പറഞ്ഞു.