കോഴിക്കോട്: സ്‌കൂൾ പഠനയാത്രാസംഘത്തിന്റെ വാഹനം അപകടത്തിൽപെട്ട് വൻദുരന്തമുണ്ടായ പശ്ചാത്തലത്തിൽ കർശന നടപടികളുമായി ഗതാഗതവകുപ്പും ആർ.ടി.ഒയും. നഗരത്തിലെ ടൂറിസ്റ്റ് ബസുകളിലെല്ലാം ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിശോധന നടത്തുന്നതായി കോഴിക്കോട് ആർ.ടി.ഒ കെ.ബിജുമോൻ പറഞ്ഞു. പരിശോധനയിൽ സ്പീഡ് ഗവേണർ അഴിച്ചുവെച്ച് സർവീസ് നടത്തുന്ന വാഹനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇവയ്‌ക്കെതിരെ കർശന നടപടിയുണ്ടാവും. ടൂറിസ്റ്റ് ബസുകൾക്ക് 80 കിലോമീറ്റർ വേഗതയാണ് പരമാവധി അനുവദിക്കുന്നത്. അതുപ്രകാരമാണ് സ്പീഡ് ഗവേണർ ഘടിപ്പിക്കുന്നത്. വർഷത്തിൽ രണ്ടുതവണയാണ് പരിശോധന. പരിശോധനാവേളയിൽ എല്ലാം കൃത്യമായിരിക്കും. എന്നാൽ പരിശോധന കഴിഞ്ഞിറങ്ങുമ്പോഴേക്കും അത് ഊരിക്കളയുന്നതാണ് രീതി. ഇത്തരം നിയമംലംഘനങ്ങൾക്കെതിരെ കർശന നടപടികളുമായി മുന്നോട്ടുപോകാനാണ് സർക്കാർ നിർദ്ദേശം. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവ് ഇന്നലെ എല്ലാ ഓഫീസുകളിലും എത്തിയാതായും ആർ.ടി.ഒ.അറിയിച്ചു.
സ്‌കൂളുകളിൽ നിന്നും കുട്ടികളുമായി വിനോദയാത്രയ്ക്ക് പോകുമ്പോൾ സ്ഥലം ആർ.ടി.ഒ ഓഫീസിൽ അറിയിക്കണമെന്നാണ് ചട്ടം. എന്നാൽ ഇത് പല സ്‌കൂളുകളും കോളേജുകളും പാലിക്കുന്നില്ല. മുൻകൂട്ടി അറിയിപ്പ് കിട്ടിയാൽ പോകുന്ന വാഹനം ഏതാണെന്ന് മനസിലാക്കി അതിൽ സുരക്ഷാപരിശോധന നടത്താനാവും. എന്നാൽ ഇത്തരം അനിഷ്ടസംഭവങ്ങളുണ്ടാകുമ്പോൾ മാത്രമാണ് ഉത്തരവാദിത്വം മോട്ടോർ വെഹിക്കിൾ ഡിപ്പാർട്‌മെന്റിലേക്ക് വരുന്നത്. പുതിയ സാഹചര്യത്തിൽ ഇനി വരുന്ന ഏത് യാത്രകളായാലും തൊട്ടടുത്ത ആർ.ടി.ഒ ഓഫീസിൽ അറിയിക്കണമെന്ന നിർദ്ദേശം സ്‌കൂൾ അധികൃതരെ സർക്കാരിൽ നിന്നും അറിയിച്ചുണ്ട്. അതുപോലെ അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളാണ് ബുക്ക് ചെയ്യുന്നതെങ്കിൽ അതെക്കുറിച്ചുള്ള വിവരങ്ങളും കൈമാറണം. വലിയ രീതിയിലുള്ള നിയമലംഘനങ്ങളാണ് റോഡിൽ നടക്കുന്നത്. പൊലീസോ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്‌മെന്റോ മാത്രം വിചാരിച്ചാൽ പരിഹരിക്കാവുന്നതല്ല ഇത്തരം പ്രശ്‌നങ്ങൾ. ജനങ്ങളും സ്‌കൂൾ-കോളേജ് അധികൃതരും രക്ഷിതാക്കളുമെല്ലാം ഇക്കാര്യത്തിൽ ബോധവാൻമാരാവണമെന്നും ആർ.ടി.ഒ കെ.ബിജുമോൻ കൂട്ടിച്ചേർത്തു.