കോഴിക്കോട്: നഗരത്തിൽ തെരുവുനായ ശല്യം രൂക്ഷമാവുമ്പോഴും ബീച്ചിലും പരിസരത്തും മാലിന്യം തള്ളലിന് പരിഹാരമാവുന്നില്ല. നായയെപിടിക്കലും വന്ധ്യംകരിക്കലും വലിയ ആഗോളപ്രശ്‌നമായി കോർപ്പറേഷൻ അധികൃതർ ഉയർത്തുമ്പോൾ കോർപ്പറേഷൻ ഓഫീസിന്റെ ഒരുകിലോമീറ്റർ പരിധിയിലെ മാലിന്യമെങ്കിലും കൃത്യമായി നീക്കം ചെയ്തുകൂടെയെന്നാണ് ജനത്തിന്റെ ചോദ്യം. ബീച്ചും പരിസരവും മുമ്പില്ലാത്ത വിധം മലിനമാവുമ്പോൾ മനുഷ്യാവകാശകമ്മിഷൻവരെ പ്രശ്‌നത്തിൽ ഇടപെട്ടു, എന്നിട്ടും ഇളകുന്നില്ല ഉത്തരവാദപ്പെട്ടവർ.
കോർപ്പറേഷൻ ഓഫീസിനുമുമ്പിലെ പ്രധാന ബീച്ച്, സൗത്ത് ബീച്ച്, ഭട്ട് റോഡ് ബീച്ച്, ഫ്രീഡം സ്‌ക്വയർ ഏരിയ തുടങ്ങി നഗരപരിധിയിലെ ബീച്ചുകളെല്ലാം മാലിന്യത്താൽ നിറയുകയാണ്. മാലിന്യത്തിൽ നിന്നും മാംസം തേടിയുള്ള നായകളും ഭീതിപരത്തുന്നു.
ഇവിടെ മാലിന്യം നിക്ഷേപിക്കരുത് എന്നൊരു ബോർഡുവെച്ചാൽ അവിടെ മാലിന്യം നിക്ഷേപിക്കുക മലയാളിയുടെ ശീലമാണ്. സൗത്ത് ബീച്ചിന് പിറകിൽ ലോറി സ്റ്റാൻഡിനടുത്തുകൂടി പോയാൽ അത് വ്യക്തമാവും. മാലിന്യം നിക്ഷേപിക്കുന്നത് ശിക്ഷാർഹമാണെന്ന കോർപ്പറേഷൻ സെക്രട്ടറിയുടെ പേരിലുള്ള വലിയ ബോർഡ്. മാലിന്യം നിക്ഷേപിച്ചാൽ ഏതൊക്കെ വകുപ്പുപ്രകാരം ശിക്ഷകിട്ടുമെന്നും വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. എന്നാൽ വർഷം രണ്ടുമൂന്നുകഴിഞ്ഞു ബോർഡ് വെച്ചിട്ട്, ഇപ്പോൾ ചെന്നാൽ ഒരു മിനി ഞെളിയൻപറമ്പാണവിടം. ഉത്തരവ് പുറപ്പെടുവിച്ചവരോ ബോർഡ് സ്ഥാപിച്ചവരോ എന്നെങ്കിലും ഇതുവഴി പോയിരുന്നെങ്കിലെന്ന് പരിസരവാസികൾ ചോദിക്കുമ്പോൾ ആർക്കുമില്ല, മറുപടി.
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ബോർഡുകൾ കാണാം. അവിടെയെല്ലാം ഇവിടെ മാലിന്യം നിക്ഷേപിക്കാം എന്നാണ് എഴുതിവെച്ചതെന്ന് കരുതും, അത്രമാത്രം മാലിന്യക്കൂമ്പാരങ്ങളാണ്. ചുരുങ്ങിയപക്ഷം ബോർഡുകൾ വെയ്ക്കുന്നിടത്തെങ്കിലും ഒരു പരിശോധനയോ ശ്രദ്ധയോ കാണിച്ചാൽ ഇത്രമാത്രം നഗരം വൃത്തികേടാവുമോയെന്നാണ് നാട്ടുകാരുടെ ചോദ്യം.
ബീച്ചിലെ മാലിന്യങ്ങൾ ഉടൻ നീക്കണം:
മനുഷ്യാവകാശ കമ്മിഷൻ
കോഴിക്കോട്: ബീച്ചിലെ ഫ്രീഡം സ്‌ക്വയറിലേക്കുള്ള കവാടത്തിന്റെ എതിർവശത്തുള്ള റോഡിൽ മാലിന്യവും മലിനജലവും കെട്ടിക്കിടന്ന് ദുർഗന്ധമുണ്ടാക്കുന്ന സാഹചര്യത്തിൽ പരിസരം വൃത്തിയാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടു.
നഗരസഭാ സെക്രട്ടറിക്കാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവ് നൽകിയത്. സ്വീകരിച്ച നടപടികൾ 15 ദിവസത്തിനകം കമ്മിഷനെ അറിയിക്കണം. ഒക്ടോബർ 28 ന് കോഴിക്കോട് കളക്ടറേറ്റിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. സമീപത്തുള്ള സർക്കാർ ഓഫീസുകളുടെ ക്വാർട്ടേഴ്‌സുകളിലുള്ളവരും മാലിന്യം കാരണം പൊറുതിമുട്ടുകയാണ്. ഇവിടെയാണ് മാലിന്യം തരംതിരിക്കുന്ന കേന്ദ്രമുള്ളത്. മാലിന്യങ്ങളിൽ നിന്നുള്ള ദുർഗന്ധമാണ് പരിസരത്ത് പടരുന്നത്.