 
കൊയിലാണ്ടി: നെൽകൃഷിക്കും ടൂറിസത്തിനും സാദ്ധ്യതകളൊരുക്കി വെളിയണ്ണൂർ ചല്ലി. ഏകദേശം എണ്ണൂറോളം ഏക്കറിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി, അരിക്കുളം , നടുവണ്ണൂർ, കീഴരിയൂർ ഗ്രാമ പഞ്ചായത്തുകളിലായി പരന്നുകിടക്കുകയാണ് വെളിയണ്ണൂർ ചല്ലി. ചല്ലിയുടെ വികസനത്തിനായി 20.7 കോടിയുടെ പദ്ധതിയ്ക്കാണ് മൈനർ ഇറിഗേഷൻ വകുപ്പ് സർക്കാറിൽ സമർപ്പിച്ചത്. ഇതോടൊപ്പം ചല്ലിയുടെ ഭാഗമായ നായാടൻ പുഴയുടെ പുനരുദ്ധാരണവും പദ്ധതിയിലുണ്ട്. ചല്ലിയിൽ ജല ക്രമീകരണം നടത്തി 200 ഏക്കറിൽ നെൽകൃഷി നടത്താനാണ് ശ്രമം. ഇതിലൂടെ 4000 കുടുംബങ്ങൾക്ക് പ്രത്യക്ഷമായി തൊഴിൽ ലഭിക്കും. നായാടൻ പുഴ വീണ്ടെടുക്കാൻ 4.87 കോടി രൂപയുടെ എസ്റ്റിമേറ്റാണ് തയാറാക്കിയത്. നായാടൻപുഴയിൽ നിന്ന് തെക്കെൻ ചല്ലിയിലേക്ക് 200 മീറ്റർ അനുബന്ധ തോടും നിർമ്മിക്കും. പദ്ധതിയിൽ കൃഷിക്ക് പുറമെ ടൂറിസത്തിന് വലിയ പ്രാധാന്യമാണ് നല്കിയിരിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കാൻ ഉല്ലാസ ബോട്ട് സർവീസ്, ജിം, നീന്തൽകുളം, തടാകം
തുടങ്ങിയവയെല്ലാം ഉൾപ്പെടുത്തി ടൂറിസത്തിന്റെ വളർച്ചയ്ക്ക് ആവശ്യമായ നടപടികൾ സർക്കാറിൽ നിന്ന് ഉണ്ടാവണമെന്നാണ് ചല്ലി സംരക്ഷണ സമിതി നേതാക്കൾ ആവശ്യപ്പെടുന്നത്. മലബാറിലെ ടൂറിസ്റ്റ് കേന്ദ്രമായ കാപ്പാട് എത്തുന്നവർക്ക് വളരെ എളുപ്പം എത്തിച്ചേരാൻ കഴിയുന്ന ഇടമാണ് വെളിയണ്ണൂർ ചല്ലി. ടൂറിസം, കൃഷി വകുപ്പുകളുടെ ഇടപെടൽ നടന്നാൽ വെളിയണ്ണൂർ ചല്ലി അതിന്റെ പ്രതാപം വീണ്ടെടുക്കുമെന്നാണ് നാട്ടുകാർ പറയുന്നത്. മൊത്തം ചല്ലിയുടെ ഇരുപത്തഞ്ച് ശതമാനം സ്ഥലത്തിന് മാത്രമേ നികുതി അടയ്ക്കുന്നുള്ളൂ. അവശേഷിക്കുന്ന 75ശതമാനവും ഭൂനികുതി അടയ്ക്കാത്ത സ്ഥലമാണ്. സ്ഥലം സർക്കാർ ഏറ്റെടുത്ത് കർഷകർക്ക് പാട്ടത്തിന് നല്കിയാൽ നെൽകൃഷി സജീവമായി മുന്നോട്ട് പോകും. പുതിയ കാലത്തിനൊത്ത് വെളിയണ്ണൂർ മല്ലി പുനർസൃഷ്ടിക്കാൻ കഴിഞ്ഞാൽ നാട്ടിന്റെ മുഖച്ഛായ തന്നെ മാറുമെന്ന് കാര്യത്തിൽ സംശയമില്ല.
ചല്ലിയുടെ പുനരുദ്ധാരണത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. നിരവധി ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പലതും പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു മുരളീധരൻ -ചല്ലി സംരഷണപ്രവർത്തകൻ
പദ്ധതിയുടെ ഭാഗമായി ഭൂഉടമസ്ഥരുടെ യോഗം 15 ന് ചേരും അരിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ എ.എം സുഗതൻ