കോഴിക്കോട് : മെഡിക്കൽ കോളേജ് കാമ്പസ് ചുറ്റുമതിൽ നിർമ്മാണത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്കായി നിർമ്മിക്കുന്ന റിംംഗ് റോഡിന്റെ വീതി 12 മീറ്ററാക്കണെമെന്നാവശ്യപ്പെട്ട് ജനകീയ പ്രതിഷേധം. നിലവിൽ ഏഴുമീറ്ററിൽ നിർമ്മിക്കാൻ തീരുമാനിച്ച റിംഗ് റോഡിന്റെ വീതി വർധിപ്പിക്കാനാവില്ലെന്ന മെഡിക്കൽകോളജ് പ്രിൻസിപ്പലിന്റെ തീരുമാനത്തിനെതിരെയായിരുന്നു റിംഗ് റോഡ് യൂണിറ്റി ആക്ഷൻ കമ്മറ്റിയുടെ പ്രതിഷേധം. നിർമാണപ്രവൃത്തികൾ നിറുത്തിവെക്കണമെന്നാവശ്യപ്പെട്ട് സമരക്കാർ പ്രദേശത്ത് നിരന്നതോടെ കാര്യങ്ങൾ സംഘർഷാവസ്ഥയിലേക്ക് നീങ്ങി. തുടർന്ന് മെഡിക്കൽകോളജ് എ.സി കെ.സുദർശന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയാണ് സമരക്കാരെ പിരിച്ചുവിട്ടത്.
കാളാണ്ടി താഴം കയറ്റം മുതൽ മായാ പറമ്പു വഴി കോവൂരിലെത്തിച്ചേരുന്ന റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ചെറുക്കുന്നത്ത് ഭാഗത്ത് ആരംഭിച്ചിരുന്നു. ഇവിടെയാണ് ഇന്നലെ പ്രതിഷേധം അരങ്ങേറിയത്. 50 ലക്ഷം എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. പുതിയ ആവശ്യം ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ഇ.വി.ഗോപി പറഞ്ഞു. നേരെത്തെ അഞ്ചു മീറ്ററായിരുന്നു വീതി ഇത് സ്ഥലം എം.എൽ.എയും കൗൺസിലറും വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികളടങ്ങുന്ന ആക്ഷഷൻ കമ്മറ്റിയുടെയും ആവശ്യെത്തെ തുടർന്ന് ജില്ലാ കലക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ രണ്ട് വാഹനങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്ന തരത്തിൽ പരമാവധി 7 മീറ്റർ വർദ്ധിപ്പിച്ചു നൽകി. എന്നാൽ ഒരു വർഷത്തിനു ശേഷം 12 ആക്കി മാറ്റണെമെന്ന് ആവശ്യപ്പെടുകയാണ് സമരക്കാർ. നിർമ്മിക്കാൻ പോകുന്നെ ഐസൊലേഷൻ ബ്ലോക്കിനെയും നേഴ്‌സിങ്ങ് ഫോസ്റ്റലിന്റെ സുരക്ഷിതത്വത്തെ ബാധിക്കുന്നതാണ് പുതിയ ആവശ്യം. ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ബാലുശേരി ഉൾപ്പെടെ മേഖലകളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് സുഗമമായി ആശുപത്രിയിലെത്താനും ബസ് ഗതാഗതം സാധ്യമാക്കാനും 12 മീറ്റർ വേണമെന്നാണ് ആക്ഷൻ കമ്മിറ്റിയുടെ ആവശ്യം. പ്രശ്നത്തിന് പരിഹാരമാകുന്നില്ലെങ്കിൽ തുടർസമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കമ്മറ്റിക്കാർ പറഞ്ഞു.