വടകര : വടകര കോടതി സമുച്ചയത്തിലോ പരിസര പ്രദേശങ്ങളിലേ എത്തുന്നവർക്ക് പെട്ടന്നൊരു ശങ്ക വന്നാൽ പെട്ടു പോകും. മൂത്ര ശങ്ക തീർക്കാൻ ഇവിടെ ശുചിമുറിയില്ല. പൊതുസ്ഥലത്ത് മൂത്രശങ്ക തീർക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്ന നാട്ടിലാണ് വിധി നടപ്പിലാക്കുന്ന ആസ്ഥാനത്ത് ഈ അനാസ്ഥ തുടരുന്നത്. ജില്ലാ കോടതിയുടെ അധികാര പരിധിയിലുള്ള മദ്യ, മയക്കുമരുന്നു കേസുകൾ കൈകാര്യം ചെയ്യുന്ന എൻ.ഡി.പി .എസ് കോടതി, കുടുംബ കോടതി, സബ് കോടതി, മുൻസീഫ് കോടതി, മജിസ്റ്റ്രേട്ട് കോടതി, വാഹന അപകട നഷ്ടപരിഹാര കേസുകളുടെ - എം.എ. സി.ടി കോടതി എന്നിങ്ങനെ ആറ് കോടതികളിലായി ദിവസവും നൂറുക്കണക്കിന് ആളുകളാണ് എത്തുന്നത്. ഇവിടെയത്തുന്നവർക്ക് പ്രാഥമിക കർമ്മങ്ങൾ ചെയ്യാൻ സൗകര്യവും ഇല്ലാത്തത് പ്രതിസന്ധി സൃഷ്ടിക്കുകയാണ്. വിവിധ വിഷയങ്ങളിലായി കോടതിയിൽ എത്തുന്ന സ്ത്രീ പുരുഷന്മാർക്ക് മണിക്കൂറുകളാണ് കേസ് വിളിക്കുന്നതും കാത്ത് നിൽക്കേണ്ടി വരുന്നത്. ഇതിനിടയിൽ മൂത്രശങ്ക ഒതുക്കുക എന്നത് പുരുഷന്മാരെക്കാൾ സ്ത്രീകളെ ഏറെ പ്രയാസപ്പെടുത്തുന്നതാണ്. മാത്രമല്ല ഒന്നിലേറെ പ്രതികളുമായി ഏറെ ദൂരം യാത്ര ചെയ്ത് കോടതിയിൽ എത്തി കേസ് വിളിക്കുന്നതിനിടയിൽ ഒരാൾക്ക് മൂത്രശങ്ക ഉണ്ടായാൽ കുഴഞ്ഞതു തന്നെ.
അതേ സമയം മുൻസീഫ് , മജിസ്ട്രേറ്റ് , വക്കീൽ മാർ തുടങ്ങിയവർക്ക് പ്രാഥമിക കർമ്മങ്ങൾക്കായി മുറിക്കുള്ളിൽ തന്നെ ശുചീകരണ മുറികളുണ്ട്. പൊതുവായ ശൗചാലയം ഇല്ലാത്തതുമൂലം സാദാരണക്കാർക്കൊപ്പം വക്കീൽ ഗുമസ്ഥന്മാർക്കും സമീപ സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടി വരികയാണ്. അതേ സമയം കോടതിയുടെ പിറക് വശത്ത് പേരിന് ഒരു പഴയ മൂത്രപ്പുരയുണ്ട്. ഇതിൽ രണ്ടു മുറികളിൽ ഒന്ന് പൂട്ടിയിട്ടിരിക്കുകയും മറ്റൊന്ന് തുറന്നു കിടക്കുകയാണ്. മാസങ്ങളായി ഇത് ശുചീകരിച്ചിട്ടെന്ന് ഒറ്റനോട്ടത്തിൽ മനസിലാവും. ഈ മുറിയുടെെെ തുറത്ത് കിടക്കുന്ന വാതിലിൽ പോലുംകാട് പടർന്ന് കയറിയിരിക്കുകയാണ്. കോടതിയുമായി ബന്ധപ്പെട്ട് ആറോളം ശുചീകരണ തൊഴിലാളികൾ ഉണ്ടെന്ന് അറിയുന്നു. ഇവരിലാരും തന്നെ ശുചിമുറിയുടെ ഭാഗത്ത് എത്താറില്ലെന്ന് വ്യക്തമാണ്. ഇതിനടുത്തായി പ്രവർത്തന രഹിതമായ ഒരു ഇ ടോയിലറ്റ് സംവിധാനവുമുണ്ട്.
വടകര കോടതി കെട്ടിടത്തിനോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീനിലും ശുചിമുറി ഇല്ല.ടൗണിൽ ഒരു കോഫി സ്റ്റാൾ ലൈസൻസ് ലഭിക്കാൻ സ്ഥാപനത്തോട് ചേർന്ന് മൂത്രപ്പുര ഉണ്ടായിരിക്കണമെന്ന വ്യവസ്ഥ തദ്ദേശ സ്ഥാപനങ്ങളിൽ പോലും കർശനമാക്കുന്നതിനിടയിലാണ് വടകര കോടതിയോട് ചേർന്ന് പ്രവർത്തിക്കുന്ന കാന്റീനിൽ പോലും ശുചിമുറി സഞ്ജീകരിച്ചിട്ടില്ലെന്ന പരാതി ഉയരുന്നത്.
നമ്മുടെ നാട്ടിൽ ആശുപത്രികളും ചില ഗവ. ഓഫീസുകളുമൊഴികെ പൊതുജനങ്ങൾക്കായി മൂത്രപുരകളോ മറ്റ് സാനിറ്റേഷൻ സൗകര്യങ്ങളോ ഇല്ല - വടകര കോടതി സമുച്ചയത്തിൽ എത്തിപെടുന്നവർ, സ്ത്രീകൾ അടക്കം ഇത്തരം സൗകര്യമില്ലാത്തതിനാൽ ഏറെ പ്രയാസപ്പെടുന്നുണ്ട്. ----
സുരേഷ് ബാബു കുന്നത്ത് - (ഫാർമസിസ്റ്റ് - പാലിയേറ്റീവ് ട്രൈനർ )
കോടതിയിൽ മൂത്രപ്പുരയില്ലാത്തതിന്റെ പ്രയാസം വലുതാണ്. പരിചയക്കാർ പലരും പ്രത്യേകിച്ച് സ്ത്രീകളെയും കൂട്ടി എന്റെ കടയിൽ പലരും എത്തിയിട്ടുണ്ട്. സമീപത്തെ ന്യൂ ഇന്ത്യാ ഹോട്ടലിലെ സൗകര്യം ചെയ്തു കൊടുക്കുകയാണ് ചെയ്യാറ്.
വിനോദ് - കെ.എൻ വ്യാപാരി വ്യവസായ സമിതി ,വടകര ടൗൺ സെക്രട്ടറി