
കോഴിക്കോട്: മെഡിക്കൽകോളേജിലെ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചകേസിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിനെതിരെ തുടർ പ്രക്ഷോഭത്തിനൊരുങ്ങി വിമുക്തഭടൻമാർ. സംഘർഷം നടന്ന മെഡിക്കൽകോളേജിന് അയൽപക്കത്ത് താമസിക്കുന്നവരാണ് പ്രതികളിൽ പിടികിട്ടാനുള്ള രണ്ടുപേർ. അവരെ കണ്ടുകിട്ടുന്നില്ലെന്ന പൊലീസ് വാദം ഒത്തുകളിയുടെ ഭാഗമാണ്. ഇതിനെതിരെ 15ന് രാവിലെ 11ന് കമ്മിഷണർ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്ന് വിമുക്തഭടന്മാരുടെ കൂട്ടായ്മയായ വോയ്സ് ഒഫ് എക്‌സ് സർവീസ്‌മാൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംഭവത്തിന് പിന്നിൽ ഭരണപക്ഷ യുവജനസംഘടനയായതിനാൽ പൊലീസ് പേടിക്കുകയാണ്. നിലവിൽ 16പേർക്കെതിരെയാണ് കേസ്. ഇതിൽ ഡി.വൈ.എഫ്.ഐ സംസ്ഥാനനേതാവടക്കം അഞ്ചുപേരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിസി.ടി.വി ദൃശ്യത്തിലൂടെ തിരിച്ചറിഞ്ഞ രണ്ടുപേർ കൂടിയുണ്ട്. മെഡിക്കൽകോളജ് പൊലീസ് സ്റ്റേഷന്റെ രണ്ടുകിലോമീറ്റർ പരിധിക്കുള്ളിലാണ് ഇവരുടെ വീടെങ്കിലും അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് അനാസ്ഥ കാണിക്കുകയാണെന്ന് വിമുക്തഭടൻമാരുടെ കൂട്ടായ്മ പറഞ്ഞു.
ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാജോയിന്റ് സെക്രട്ടറി കെ.അരുൺ, കെ.എം രാജേഷ്, അശ്വിൻ, സജിൻ, മുഹമ്മദ് ഷമീർ എന്നിവരാണ് കീഴടങ്ങിയ പ്രതികൾ. ഇവരിപ്പോഴും റിമാൻഡിലാണ്. ആഗസ്റ്റ് 31നാണ് മെഡിക്കൽകോളേജ് ആശുപത്രിയിൽ മൂന്ന് സെക്യൂരിറ്റി ജീവനക്കാർക്കും അത് റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവർത്തകനും നേരെയാണ് ക്രൂരമർദ്ദനമുണ്ടായത്. ഇതിൽ വിമുക്തഭടനായ ദിനേശൻ ഇപ്പോഴും ചികിത്സയിലാണ്. രോഗിയായ ഇയാളെ മർദ്ദിച്ചശേഷം പ്രതികൾ നിലത്തിട്ട് ചവിട്ടിക്കൂട്ടുന്ന ദൃശ്യം വലിയ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. എന്നിട്ടും കേസിൽ പ്രതികളായ മുഴുവൻപേരെയും അറസ്റ്റ് ചെയ്യുന്നതിൽ പൊലീസ് കാണിക്കുന്ന മെല്ലെപ്പോക്കിനെതിരേയാണ് വിമുക്തഭടൻമാർ തുടർപ്രക്ഷോഭം തീരുമാനിച്ചിരിക്കുന്നത്.
റാലി മാനാഞ്ചിറ സ്‌ക്വയറിൽ നിന്നാരംഭിച്ച് കമ്മിഷണർ ഓഫീസിൽ സമാപിക്കും. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് എ.വിശ്വനാഥൻ, വൈസ് പ്രസിഡന്റ് എൻ.കെ. മധുസൂദനൻ കിടാവ്, ജനറൽ സെക്രട്ടറി പി.ഗിരീഷ്, എ.എ. ശ്രീലേഷ്, കെ.പി.അബ്ദുൾലത്തീഫ് എന്നിവർ പങ്കെടുത്തു.