പാളയം സ്റ്റാൻഡ് ,മാവൂർ റോഡ് എന്നിവടങ്ങളിൽ സ്വകാര്യ ബസുകളും പരിശോധിച്ചു

കോഴിക്കോട് : ആർ.ടി.ഒ എൻഫോഴ്‌സ്‌മെന്റ് വിഭാഗം കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളുടെ പരശോധന മൂന്നാം ദിവസവും ശക്തം. മൂന്ന് ദിവസങ്ങളിലായി പരിശോധനയിൽ 2.49 ലക്ഷം രൂപ പിഴ ഈടാക്കി.

കോഴിക്കോട് നഗരത്തിൽ സ്വകാര്യ ബസ്സുകളുടെ നിയമ ലംഘന പരാതി വ്യാപകമായതിനാൽ പാളയം സ്റ്റാൻഡ് ,മാവൂർ റോഡ് എന്നിവടങ്ങളിൽ സ്വകാര്യ ബസുകളും പരിശോധിച്ചു . 34 കോൺട്രാക്ട് ക്യാരേജ് വാഹനങ്ങളും 13 സ്റ്റേജ് കരയേജ് വാഹനങ്ങളും പരിശോധിച്ചതിൽ 58000 രൂപ പിഴയിനത്തിൽ ഈടാക്കി . കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 1.91 ലക്ഷം രൂപ പിഴ ചുമത്തിയിരുന്നു.

കോൺട്രാക്ട് ക്യാരിയേജ് വാഹനങ്ങൾ മനുഷ്യജീവന് അപകടകരമായ രീതിയിൽ സർവീസ് നടത്തുന്നു എന്ന പരാതികളുടെയും. പാലക്കാട്ടെ അപകടത്തിന്റെയും പശ്ചാത്തലത്തിൽ ജില്ലയിലെ മോട്ടോർ വാഹന വകുപ്പ് കോഴിക്കോട് എൻഫോഴ്സ്മെന്റ് ആർ.ടി.ഒയുടെ നേതൃത്വത്തിൽ വാഹനങ്ങളിൽ കർശന പരിശോധന നടത്തുന്നത്.

കർശന പരിശോധനയുടെ അടിസ്ഥാനത്തിൽ സ്പീഡ് ഗവർണർ അഴിച്ചിട്ടിരിക്കുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കുന്നതിനും ശുപാർശ ചെയ്തിട്ടുണ്ട്. അനധികൃത ലൈറ്റ്, അധിക ലൈറ്റ്, ആരോചക ശബ്ദം പുറപ്പെടുവിക്കുന്ന മ്യൂസിക് സിസ്റ്റം ,കേൾവി ശക്തിയെ ബാധിക്കുന്ന നിരോധിത എയർഹോണുകൾ എന്നിവ പിടിപ്പിച്ചിരിക്കുന്നതായി കണ്ടെത്തുകയും വാഹനങ്ങൾക്കെതിരെ കേസെടുക്കുകയും കരിമ്പട്ടികയില്‍ പെടുത്തുകയും ചെയതു. ഇത്തരെ വാഹനങ്ങളുടെ പെർമിറ്റ് റദ്ദാക്കുന്നത് , ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുന്നത് അടക്കമുള്ള തുടർനടപടികളും സ്വീകരിക്കും. സ്പീഡ് ഗവര്‍ണര്‍ വിച്ഛേദിച്ച് സർവീസ് നടത്തുന്ന വാഹനങ്ങള്‍ ആർ.ടി.ഒ ഓട്ടോമേറ്റഡ് ടെസ്റ്റിംഗ് സെന്ററില്‍ പരിശോധിക്കാനും വാഹനത്തിന്റെ ഫിറ്റ്നസ് റദ്ദ് ചെയ്യാനും മോട്ടോർ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. മൂന്ന് ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ 128000, 63000, 58000 എന്നിങ്ങനെ തുകയാണ് പിഴയിനത്തിൽ ഈടാക്കിയത്.