
ചീരാൽ വില്ലേജിൽ 11 ന് രാവിലെ 6 മുതൽ വൈകുന്നേരം 6 വരെ ഹർത്താൽ
സുൽത്താൻ ബത്തേരി: കഴിഞ്ഞ ഒരാഴ്ച തുടർച്ചയായി കർഷകരുടെ വളർത്തുമൃഗങ്ങളെ പിടികൂടിവന്ന കടുവയെ കൂട് വെച്ച് പിടികൂടാൻ വനപാലകർ നടത്തിവരുന്ന ശ്രമം ഫലം കണ്ടില്ല. കൂടിനെ നോക്കുകുത്തിയാക്കി മാറ്റി ഇന്നലെയും ഒരു കറവപശുവിനെ പിടികൂടി .ചീരാൽ മുളവും കൊല്ലി രാമചന്ദ്രന്റെ 25 ലിറ്റർ പാൽ തരുന്ന പശുവിനെയാണ് ശനിയാഴ്ച അർദ്ധരാത്രിയോടെ കടുവ കൊന്നത്. ആക്രമകാരിയായ കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് സർവ്വകക്ഷിയുടെ നേതൃത്വത്തിൽ 11 ന് കാലത്ത് 6 മുതൽ വൈകിട്ട് 6 വരെ ചീരാൽ വില്ലേജിൽ ഹർത്താൽ ആചരിക്കാൻ തീരുമാനിച്ചു.
കഴിഞ്ഞ രണ്ടാം തീയ്യതി മുതലാണ് തുടർച്ചയായി ചീരാൽ മേഖലയിൽ കടുവ ശല്യം രൂക്ഷമായി തീർന്നത്. ഇതിനകം തന്നെ ഏഴ് പശുക്കളെയാണ് ഭക്ഷണമാക്കിത്. ഇതിൽ മൂന്ന് എണ്ണം ഒഴിച്ച് ബാക്കിയെല്ലാം കറവ പശുക്കളാണ്. പിടികൂടി കൊന്ന ഉരുക്കളെല്ലാം തൊഴുത്തിൽ കെട്ടിയിട്ടിരുന്ന സ്ഥലത്ത് നിന്നാണ് ആക്രമിച്ചത്. ശനിയാഴ്ച അർദ്ധരാത്രി കടുവ പിടികൂടിയ രാമചന്ദ്രന്റെ കറവ പശുവിനെയും തൊഴുത്തിൽ നിന്നാണ് പിടികൂടിയത്. പശുവിന്റെ കരച്ചിൽകേട്ട വീട്ടുടമ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോഴെക്കും കടുവ ഓടിമറയുകയായിരുന്നു. രൂക്ഷമായ കടുവ ശല്യത്തിന്റെ പേരിൽ നാട്ടുകാർ വനപാലകരെ തടഞ്ഞുവെക്കുകയും ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉൾപ്പെടെയുള്ള സമരപരിപാടികൾ നടത്തുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പ്രദേശത്ത് കൂട് വെക്കാൻ തീരുമാനിച്ചത്. മുണ്ടക്കൊല്ലിയിൽ പശുകിടാവിനെ പിടികൂടിയ സ്ഥലത്താണ് കൂട് വെച്ചത്. എന്നാൽ കൂട്ടിൽ ഇരയേയും കെട്ടിതൂക്കി കെണിയൊരുക്കി വനപാലകർ കാത്തിരിക്കരിക്കുമ്പോഴാണ് തൊട്ടടുത്ത വല്ലത്തൂരിൽ തൊഴുത്തിൽ നിന്ന് പശുവിനെ കടുവ പിടികൂടിയത്. ഇതോടെ വല്ലത്തൂരിലും മറ്റൊരു കൂട് സ്ഥാപിച്ചു. രണ്ടെടെത്തും കൂട് സ്ഥാപിച്ച് കാത്തിരിക്കുന്നതിനിടെയാണ് ഇന്നലെ വീണ്ടും ഒരു കറവ പശുവിനെകൂടി കൊന്നത്.
കടുവയെ മയക്കുവെടിവെച്ച് പിടിക്കണം
സർവ്വകക്ഷി മുന്നോട്ട് വെച്ച എട്ട് ആവശ്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടപ്പിലാക്കണമെന്ന് കഴിഞ്ഞ ദിവസം ചേർന്ന യോഗം വനപാലകരോട് അഭ്യർത്ഥിച്ചു. കൂട്ടിൽ കടുവ അകപ്പെട്ടില്ലെങ്കിൽ തിങ്കളാഴ്ചക്ക് ശേഷം മയക്കുവെടിവെച്ച് പിടികൂടാനുള്ള നടപടിക്രമങ്ങളിലേക്ക് നീങ്ങാമെന്നാണ് കഴിഞ്ഞ ദിവസം സർവ്വകക്ഷിനേതാക്കൾക്ക് വനപലകർ നൽകിയ ഉറപ്പ്. ഫോറസ്റ്റ് ഓഫീസ് ഉപരോധത്തെ തുടർന്ന് സ്ഥലത്തെത്തിയ വയനാട് വൈൽഡ്‌ലൈഫ് വാർഡൻ പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിലാണ് സർവ്വകക്ഷിനേതാക്കളോട് മയക്കുവെടിവെച്ച് പിടികൂടുന്നതിനെപ്പറ്റി പറഞ്ഞത്. കൂട്ടിൽ കയറാതെ വളർത്തുമൃഗങ്ങളെ പിടികൂടി വരുന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടണമെന്ന ആവശ്യം ഇതിനകം തന്നെ വിവിധ മേഖലകളിൽ നിന്ന് ഉയരുകയും ചെയ്തു. കടുവ കൂട്ടിലകപ്പെട്ടില്ലെങ്കിൽ ഒന്നുകിൽ മയക്കുവെടിവെച്ച് പിടികൂടുകയോ അല്ലെങ്കിൽ കാട് കയറ്റിവിടുകയോ ചെയ്യേണ്ടിവരും. കടുവ ഇപ്പോൾ ജനവാസമേഖലയിലാണ് തങ്ങിവരുന്നത്. ഇതിനെ ഓടിച്ച് കാട് കയറ്റുക ദുഷ്‌ക്കരമാണ്. കടുവയെ പിടികൂടുന്നതിനായി കൂട് സ്ഥാപിച്ചതോടെ പടക്കം പെട്ടിച്ചും മറ്റും ശബ്ദമുണ്ടാക്കരുതെന്ന് വനം വകുപ്പ് നിർഷ്‌കർഷിക്കുകയും ചെയ്തു. ഒച്ചകേട്ടാൽ കടുവ കൂട്ടിൽ കയറുകയില്ലെന്ന കാരണം പറഞ്ഞാണ് നിയന്ത്രണം.എന്നാൽ ഇരുട്ടിന്റെ മറ പറ്റി തൊഴുത്തിലേക്ക് എത്തുന്ന കടുവയെ പടക്കംപൊട്ടിച്ച് ഓടിക്കാനും പറ്റാത്ത സ്ഥിതിയായി. ഇത് കടുവക്ക് പേടിക്കാതെ വന്ന് ഇരയെ പിടിക്കാൻ അവസരമാവുകയും ചെയ്തു. കടുവയെ ഉടൻ പിടികൂടിയില്ലെങ്കിൽ ചൊവ്വാഴ്ചമുതൽ ചീരാൽ മേഖലയിൽ വൻ പ്രക്ഷോഭത്തിന് തുടക്കം കുറിക്കുമെന്ന് സർവ്വകക്ഷി നേതാക്കൾ പറഞ്ഞു.
കടുവ ഇതുവരെ പിടിരൂടിയത് ഏഴ് പശുക്കളെ. ഇതിൽ മൂന്ന് എണ്ണം ഒഴിച്ച് ബാക്കിയെല്ലാം കറവ പശുക്കളാണ്
ഫോട്ടോ-പശു
കടുവ പിടിച്ച് കൊന്ന ചീരാൽ മുളവുംകൊല്ലി രാമചന്ദ്രന്റെ പശു
കടുവ പിടിച്ച പശു ദയാവധവും കാത്ത് കഴിയുന്നു
സുൽത്താൻ ബത്തേരി: കഴിഞ്ഞ വ്യാഴാഴ്ച കടുവയുടെ ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ ചീരാൽ കളത്തുപടിക്കൽ അയ്യപ്പന്റെ പശു ദയാവധവും കാത്ത് കഴിയുകയാണ്. ആക്രമണത്തിൽ കഴുത്തിന് ആഴത്തിൽ മുറിവേറ്റ പശു തൊഴുത്തിൽ വീണ് കിടപ്പാണ്. ഗുരുതരമായി പരിക്കറ്റതിനാൽ ചികിൽസിച്ചാൽ തന്നെ രക്ഷപ്പെടുകയില്ലെന്ന കാരണത്താലാണ് ചികിത്സ നൽകാൻ തയ്യാറാകാത്തത്. പശുവിനെ വനം വകുപ്പ് തന്നെ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നെങ്കിലും ചത്തങ്കിൽ മാത്രമെ കടുവക്ക് കെണിയൊരുക്കിയ കൂട്ടിൽ ഇരയായിവെക്കാൻ പറ്റുകയൊള്ളുവെന്ന കാരണത്താൽ വനം വകുപ്പും കൊണ്ടുപോയില്ല. സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്ന ക്ഷീരകർഷകനായ അയ്യപ്പന് പശുവിനെ ചികിത്സിപ്പിക്കാനുള്ള പണം ഇല്ല. തൊഴുത്തിൽ വീണ്കിടക്കുന്ന പശുവിനെ ഒന്ന് തിരിച്ച് കിടത്തണമെങ്കിൽ തന്നെ മൂന്ന് നാല്‌പേര് വേണം പരിക്ക് പറ്റി കിടക്കുന്ന പശുവിനെ കൂടാതെ തൊഴുത്തിൽ മറ്റ് മൂന്ന് പശുക്കൾ കൂടിയുണ്ട്. ഈ പശുക്കൾക്കും പരിക്ക് പറ്റിയ പശു കിടക്കുന്നതുതാരണം തൊഴുത്തിൽ കിടക്കാൻ പറ്റാത്ത അവസ്ഥയാണ്. പരിക്ക് പറ്റി മരണവുമായി മല്ലടിച്ച് കഴിയുന്ന പശുവിനെ കൂടുതൽ കഷ്ടപ്പെടുത്താതെ ദയാവധമെങ്കിലും അനുവദിക്കണമെന്നാണ് ഈ കർഷകന്റെ പ്രാർത്ഥന. കടുവ കടിച്ച് കീറിയ ഭാഗത്ത് ഇപ്പോൾ പച്ച മഞ്ഞൾ അരച്ച് തേയ്ക്കുകമാത്രമാണ് ചെയ്തു വരുന്നത്. കഴിഞ്ഞ നാല് ദിവസമായി ഭക്ഷണമോ വെള്ളമോ ഒന്നും തന്നെ കുടിക്കുന്നില്ല. ക്ഷീരകർഷകനായ അയ്യപ്പൻ കുടുംബം പുലർത്തിവരുന്നത് സൊസൈറ്റിയിൽ പാൽ നൽകിയാണ്. തന്റെ ഉപജീവനമാർഗ്ഗമാണ് തൊഴുത്തിൽ മരണവുമായി മല്ലടിച്ച് കഴിയുന്നത് എന്ന ദുഖസത്യം ഈ കർഷകനെ തളർത്തിയിരിക്കുകയാണ്.
പശുവിന്റെ കിടപ്പ് കാണുമ്പോൾ ഒരു പ്രാർത്ഥന മാത്രമെയുള്ളു. എങ്ങിനെയെങ്കിലും പശുവിന്റെ ജീവൻ എടുക്കുണേയെന്ന്. കടുവയുടെ പിടിയിൽ നിന്നും പശുവിന്റെ ജീവൻ തിരിച്ചുകിട്ടിയപ്പോൾ ആശ്വസിച്ചു. പക്ഷെ ഇപ്പോൾ ആശ്വാസമല്ല വേദനയാണ്. പശുവിന്റെ ഇപ്പോഴത്തെ അവസ്ഥകണ്ടാൽ ഏതൊരു മൃഗസ്‌നേഹിയുടെയും കരളലിയും. പശു കൂടുതൽ ദിവസം ജീവനോടെ ഇരിക്കുന്നത് മറ്റ് പശുക്കൾക്കും ഭീഷണിയാകും.
അയ്യപ്പൻ
അയ്യപ്പൻ