national
ദേശീയപാത

കോഴിക്കോട്: കോഴിക്കോട്- കണ്ണൂർ ജില്ലകളിലെ ദേശീയപാത നിർമാണ പുരോഗതി വിലയിരുത്താൻ ഇന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നേരിട്ടെത്തും. കോഴിക്കോട് ജില്ലയിൽ വടകര അഴിയൂരിൽ നിന്ന് ആരംഭിക്കുന്ന പരിശോധന കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോത്തായി മുക്കിൽ അവസാനിക്കും. കണ്ണൂർ ജില്ലയിൽ മാഹി ബൈപ്പാസിൽ നിന്നാണ് പ്രവൃത്തി വിലയിരുത്തൽ നടത്തുക.

ജനപ്രതിനിധികളും ദേശീയപാത അതോറിറ്റിയുടെയും സംസ്ഥാന പൊതുമരാമത്തു വകുപ്പിലെയും ഉദ്യോഗസ്ഥർ മന്ത്രിക്കൊപ്പം ഉണ്ടാവും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ മുഴുവൻ റീച്ചിലെയും പ്രവൃത്തിയുടെ പുരോഗതി മന്ത്രി വിലയിരുത്തും. പരിശോധനയ്ക്കുശേഷം മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകന യോഗവും നടക്കും.

ദേശീയപാത വികസനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പരിശോധന. ദേശീയപാത വികസനം നടക്കുന്ന മുഴുവൻ ജില്ലകളിലും ഇത്തരത്തിൽ നേരിട്ട് പരിശോധന നടത്തുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയപാത വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം.