 
കോഴിക്കോട്: തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള ശ്രമം ജനകീയ മുന്നേറ്റത്തിലൂടെ പരാജയപ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇന്ന് രാജ്യത്ത് പട്ടിണിപ്പാവങ്ങളായ ലക്ഷക്കണക്കിന് ആളുകളുടെ അടുക്കള പുകയ്ക്കുന്നുണ്ട്. അത് തച്ചുകെടുത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ അനുവദിക്കില്ലെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നീക്കത്തിനെതിരെ യു.ഡി.എഫ് ജില്ലാകമ്മിറ്റി ആദായനികുതി ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2005ൽ മൻമോഹൻസിംഗ് സർക്കാരാണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ പട്ടിണിപ്പാവങ്ങളുടെയും തൊഴിലാളികളുടെയും ജീവിതത്തിൽ പദ്ധതിയുണ്ടാക്കിയ മാറ്റം വിപ്ലവകരമാണ്. കേരളത്തിൽ മഹാമാരിക്കാലത്തുപോലും തൊഴിലാളികളുടെ ജീവിതത്തിൽ വലിയ താങ്ങായിരുന്നു തൊഴിലുറപ്പ് പദ്ധതി. എന്നാൽ എൻ.ഡി.എ സർക്കാർ എല്ലാം വെട്ടി നിരത്തുകയാണ്. 100തൊഴിൽ ദിനങ്ങളാണ് പദ്ധതി ലക്ഷ്യമിട്ടത്. എല്ലാവർക്കും 100ദിനം കിട്ടിയില്ലെങ്കിലും പരമാവധി കിട്ടിയിരുന്നു. ഇപ്പോഴത് ഒരു പഞ്ചായത്തിൽ ഒരേസമയം 20 പ്രവൃത്തി നടത്തിയാൽ മതിയെന്ന നിബന്ധന കൊണ്ടുവരികയാണ്. 150 മുതൽ 200വരെ പ്രവൃത്തികൾ നടന്നയിടത്തുനിന്നാണ് ഈ മാറ്റം. അതോടെ ഈ മേഖലയിൽ നിന്ന് തൊഴിലാളികൾ പുറത്താക്കപ്പെടും. അതിലൂടെ പദ്ധതി ഇല്ലാതാക്കുകയാണ് ലക്ഷ്യം. പണമുള്ളവന്റെ കടങ്ങൾ എഴുതിത്തള്ളുകയും പണമില്ലാത്തവന്റെ വീടുകൾ ജപ്തിചെയ്യുകയും ചെയ്യുന്ന സർക്കാർ ഭരിക്കുന്ന കാലത്ത് നീതിക്കായി സമരമല്ലാതെ മറ്റ് വഴിയില്ലെന്നും വി.ഡി.സതീശൻ പറഞ്ഞു. യു.ഡി.എഫ് കൺവീനർ കെ.ബാലനാരായണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് കെ.പ്രവീൺകുമാർ, മുസ്ലീംലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല, അബ്രഹാം കൊഴുമ്പിൽ, പി.എം.ജോർജ്, സി.വീരാൻകുട്ടി, പി.എം.നിയാസ്, കെ.സി.അബു, വി.എം.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.