achuthan

കോഴിക്കോട്: പ്രമുഖ പരിസ്ഥിതി പ്രവർത്തകനും കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ സംസ്ഥാന പ്രസിഡന്റുമായ ബിലാത്തിക്കുളം അമൂല്യത്തിൽ ഡോ.എ.അച്യുതൻ (91) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് നാലുദിവസമായി കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ന്യൂമോണിയയും ബാധിച്ചിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.50നായിരുന്നു അന്ത്യം.

പൊതുദർശനമോ സംസ്‌കാര ശുശ്രൂഷകളോ റീത്ത് വയ്ക്കലോ പാടില്ലെന്ന് അദ്ദേഹം നേരത്തെ എഴുതിവച്ചിരുന്നതിനാൽ മൃതദേഹം സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ അഭിലാഷപ്രകാരം മൃതദേഹം ഇന്നുരാവിലെ ഒമ്പതിന് കോഴിക്കോട് മെഡിക്കൽ കോളേജിന് കൈമാറും.


വിസ്‌കോൺസ് സർവകലാശാലയിൽ നിന്ന് സിവിൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും മദ്രാസ് ഐ.ഐ.ടിയിൽ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പിലും തൃശൂർ, തിരുവനന്തപുരം എൻജിനിയറിംഗ് കോളേജുകളിലും കോഴിക്കോട് റീജിയണൽ എൻജിനിയറിംഗ് കോളേജിലും അദ്ധ്യാപകനായിരുന്നു.


കാലിക്കറ്റ് സർവകലാശാല ഡീൻ, അക്കാഡമിക് സ്റ്റാഫ് കോളേജ് ഡയറക്ടർ എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. യു.ജി.സി, കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, കേരള സംസ്ഥാന പ്ലാനിംഗ് ബോർഡ് എന്നിവയുടെ വിദഗ്ദ്ധ സമിതികളിലും വിവിധ സർവകലാശാലകളിലെ ബോർഡ് ഒഫ് സ്റ്റഡീസ്, ഫാക്കൽറ്റി, അക്കാഡമിക് കൗൺസിൽ എന്നിവയിലും അംഗമായിരുന്നു.


പ്ലാച്ചിമട ജനകീയ അന്വേഷണ കമ്മിഷൻ, എൻഡോസൾഫാൻ അന്വേഷണ കമ്മിഷൻ തുടങ്ങിയവയിൽ അംഗമായിരുന്നു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു. 'ശാസ്ത്രഗതി', 'ഒരേ ഒരു ഭൂമി ' എന്നീ ആനുകാലികങ്ങളുടെ പത്രാധിപരായിരുന്നു. പത്ത് പുസ്തകങ്ങളും നൂറിലധികം ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'പരിസ്ഥിതി പഠനത്തിന് ഒരാമുഖം' എന്ന കൃതിക്ക് കേരള സാഹിത്യ അക്കാഡമിയുടെ 2014ലെ വൈജ്ഞാനിക സാഹിത്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു.

ഭാര്യ: സുലോചന. മക്കൾ: ഡോ. അരുൺ (വി.എൽ.എസ്.ഐ ഡിസൈൻ എൻജിനിയർ, കാനഡ), ഡോ. അനുപമ എ.മഞ്ജുള (മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് പാത്തോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ). സഹോദരങ്ങൾ: സത്യഭാമ (തൃശൂർ), ഡോ. എ.ഉണ്ണികൃഷ്ണൻ (നാഷണൽ ഫിസിക്കൽ ഓഷ്യാനോഗ്രാഫി ലാബ് ഡയറക്ടർ).