
കോഴിക്കോട്: 2018 ഡിസംബർ 19ന് ഡോ.എ.അച്യുതൻ ചാലപ്പുറം പരിഷത്ത് ഭവനിലേക്ക് ഒരു കത്തയച്ചു- 'എന്റെ മരണശേഷം കഴിയുംവേഗം ശരീരം കോഴിക്കോട് ഗവ.മെഡിക്കൽ കോളേജിന് കൊടുക്കണം. നിലത്തിറക്കൽ, വിളക്കുവയ്ക്കൽ, കുളിപ്പിക്കൽ എന്നിവ ചെയ്യരുത്. എന്റെ മകൻ അരുൺ കാനഡയിൽ നിന്ന് എത്താൻ കാക്കരുത്. വീട്ടുകാരെ ശല്യപ്പെടുത്താതിരിക്കാനും ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാനും ശ്രദ്ധിക്കണം. അടുപ്പമുള്ള ചിലർ ഒഴികെ ആരും വീട്ടിൽ വരേണ്ടതില്ല. ആശുപത്രിയിൽ വച്ചാണ് മരണമെങ്കിൽ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരേണ്ടതില്ല. ശരീര ദാനത്തിനുള്ള കടലാസുകൾ മകൾ മഞ്ജുളയുടെ കൈയിലുണ്ട്. ശരീരത്തിൽ പുഷ്പചക്രം വയ്ക്കുകയോ ആദരാഞ്ജലി അർപ്പിക്കാനെന്ന പേരിൽ പ്രദർശിപ്പിക്കുകയോ ചെയ്യരുത്....'
പരിസ്ഥിതി പ്രവർത്തനം ജീവിത വ്രതമാക്കിയ അച്യുതൻ ഇന്നലെ ഉച്ചയോടെ വിടവാങ്ങിയപ്പോൾ ബന്ധുക്കൾക്കും അടുത്ത സുഹൃത്തുക്കൾക്കും മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല. സൗമ്യ സാന്നിദ്ധ്യമായിരുന്നെങ്കിലും ഉറച്ച നിലപാടിൽ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ മരണം ആശുപത്രിയിൽവച്ചായപ്പോൾ മൃതദേഹം വീട്ടിൽ എത്തിച്ചില്ല. ആശുപത്രിയിൽ ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രം കാണാൻ അവസരമൊരുക്കി.
അടിമുടി മനുഷ്യ സ്‌നേഹിയും പരിസ്ഥിതി പ്രവർത്തകനുമായാണ് ഡോ. അച്യുതൻ ജീവിച്ചത്. തികഞ്ഞ ഗാന്ധിയൻ. തോളിൽ എപ്പോഴുമുണ്ടാകും ഒരു തുണി സഞ്ചി. അതിൽ നിറയെ പുസ്തകങ്ങളും പത്രങ്ങളും ലഘുലേഖകളും. കാൽനടയായിട്ടായിരുന്നു യാത്രകൾ പലപ്പോഴും. അല്ലെങ്കിൽ ഓട്ടോറിക്ഷയിൽ. കുടിവെള്ളത്തിനായി ജനം പോരാടിയ പ്ലാച്ചിമടയിൽ, എൻഡോസൾഫാൻ ദുരിതം പേറുന്ന കാസർകോട്ട്, സൈലന്റ് വാലിയിൽ, പശ്ചിമഘട്ട സംരക്ഷണ സമരവേദികളിൽ.. പ്രകൃതിക്കുവേണ്ടിയും ജീവിക്കാനുള്ള അവകാശത്തിനുമായി ജനം സമരം നടത്തുന്നിടത്തെല്ലാം അദ്ദേഹം ഓടിയെത്തി.
സൈലന്റ് വാലി ദേശീയോദ്യാന ജൂബിലി അവാർഡ്, കേരള സ്റ്റേറ്റ് ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ അവാർഡ്, പവനൻ അവാർഡ്, പി.പി.ഉമ്മർകോയ അവാർഡ്, എ.ടി.കോവൂർ അവാർഡ്, പി.ആർ നമ്പ്യാർ അവാർഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 16 പുസ്തകങ്ങൾ, പന്ത്രണ്ടോളം ശാസ്ത്ര പ്രബന്ധങ്ങൾ, നൂറിലധികം ശാസ്ത്ര ലേഖനങ്ങൾ എന്നിവ പ്രസിദ്ധീകരിച്ചു.