riyas
പൊതുമരാമത്ത് മന്ത്രി പി. എ.മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ അഴിയൂർ ദേശീയപാത നിർമ്മാണ പുരോഗതി പരിശോധന നടത്തിയപ്പോൾ

വടകര: ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരമാവധി പരിഹരിച്ച് എല്ലാവരുടെയും സഹകരണത്തോടെ അഴിയൂർ വെങ്ങളം ദേശീയപാത വികസനവും അഴിയൂർ തലശ്ശേരി ബൈപ്പാസ് നിർമ്മാണവും പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് -ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് പറഞ്ഞു. അഴിയൂരിൽ ദേശീയപാത നിർമ്മാണ പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു മന്ത്രി.

കുഞ്ഞിപ്പള്ളി ഖബർ സംരക്ഷണം, ടൗൺ സംരക്ഷണം, ടോൾ പ്ലാസ വരുന്ന സ്ഥലത്തെ സർവീസ് റോഡ് സൗകര്യം, മടപ്പള്ളി കോളേജ് അടിപ്പാത, സുരക്ഷിതമായ ഓവുചാൽ സംവിധാനം തുടങ്ങിയ വിഷയങ്ങളും മന്ത്രി ജനങ്ങളുമായി ചർച്ച ചെയ്തു. മാഹി റെയിൽവേ സ്റ്റേഷന് സമീപത്തെ മേൽപാലം നിർമാണം വേഗത്തിലാക്കാൻ റെയിൽവേ അധികൃതരെ ഉൾപ്പെടുത്തി യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു.

കെ.മുരളീധരൻ എം.പി, കെ.കെ.രമ എം.എൽ.എ, അഴിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മർ, ഒഞ്ചിയം പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത്, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി, എൻ. എച്ച്. റീജിയണൽ ഓഫീസർ ബി.എൽ. മീണ, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, എൻ. എച്ച് ഉദ്യോഗസ്ഥർ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ തുടങ്ങിയവർ മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.