puthiya-palam
പുതിയപാലം

@ നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം. പുതിയപാലത്തെ വലിയപാലം പ്രവൃത്തി വൈകുന്നു

കോഴിക്കോട്: പുതിയപാലത്തെ കുടുസുപാലത്തിൽ നിന്നുള്ള രക്ഷപ്പെടാനുള്ള നാട്ടുകാരുടെ കാത്തിരിപ്പ് നീളുന്നു. നിർമാണോദ്ഘാടനം കഴിഞ്ഞ് മൂന്നുമാസം പിന്നിട്ടിട്ടും ഒരു പ്രവൃത്തിയും ഇതുവരെ തുടങ്ങാനായിട്ടില്ല. ജൂലായ് മൂന്നിന് നിർമാണോദ്ഘാടനം നടത്തിയപ്പോൾ ഒരുമാസം കൊണ്ട് പ്രവൃത്തി ആരംഭിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.

നാലു പതിറ്റാണ്ട് മുമ്പ്, എൺപതുകളുടെ തുടക്കംതൊട്ടേ പുതിയ പാലത്തിനായുള്ള മുറവിളി ഉയർന്നുവന്നതാണ്. പല കാരണങ്ങൾ കൊണ്ട് നീണ്ടുപോയ വലിയപാലമെന്ന സ്വപ്നം നിർമാണോദ്ഘാടനം വരെ എത്തിയിട്ടും ആരംഭിക്കാത്തതിൽ പ്രതിഷേധമുണ്ട്. 11 മീറ്റർ വീതിയിലും 195 മീറ്റർ നീളത്തിലും പണിയുന്ന പാലം 15.37 കോടി ചെലവിലാണ് നിർമിക്കുന്നത്. ഭൂമി ഏറ്റെടുത്ത വകയിലുള്ള നഷ്ടപരിഹാരത്തുകയടക്കം മൊത്തം 40.97 കോടിയുടേതാണ് പദ്ധതി.

ചെറിയപാലം പൊളിച്ചാണ് പുതിയ വലിയപാലം നിർമിക്കുക. പാലം നിർമിക്കുന്ന ഭാഗത്തെ ഭൂമി ഏറ്റെടുത്തുകഴിഞ്ഞു. അപ്രോച്ച് റോഡിനുള്ള ഭൂമി ഏറ്റെടുക്കലും ഏറെക്കുറെ പൂർത്തിയായതാണ്.

കിഫ്ബി വഴി നിർമിക്കുന്നതിനാൽ അവരുടെ പരിശോധനാ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പ്രവൃത്തി ആരംഭിക്കുക. കേരള റോഡ് ഫണ്ട് ബോർഡിനാണ് നിർമാണചുമതല.

കരാറും എഗ്രിമെന്റും വർക്ക് ഓർഡറും ആകുന്നതിന്റെ മുമ്പ് തന്നെ പ്രവൃത്തി ഉദ്ഘാടനം നടത്തിയെന്ന ആരോപണവും ശക്തമാണ്.

പാലത്തിനായുള്ള ആവശ്യം സംഘടിതമായി നാട്ടുകാർ ഉന്നയിക്കുന്നത് 2007ലാണ്. പ്രദേശവാസികൾ 2012ൽ പാലം പണിയാൻ 40 കോടി അനുവദിക്കുമെന്ന് സർക്കാർ പ്രഖ്യാപനം വന്നു. അത് കടലാസിലൊതുങ്ങി. തുടർന്ന് 2016ലാണ് 50 കോടി അനുവദിച്ചത്. അപ്പോഴേക്കും തിരഞ്ഞെടുപ്പ് നിശ്ചയിച്ചതോടെ പദ്ധതി നിലച്ചു. പാലം അപകടാവസ്ഥയിലായതോടെ 2017ൽ ഇതിലൂടെയുള്ള വാഹന ഗതാഗതം വിലക്കിയിരുന്നു. പാലം നിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ അതിനിടയ്ക്ക് പുതിയപാലത്തിന് പൊളിഞ്ഞപാലം എന്നു പേര് മാറ്റിക്കൊണ്ടുള്ള പ്രതിഷേധത്തിലേക്ക് വരെ കടന്നു. ഒടുവിൽ അനിശ്ചിതത്വം നീങ്ങിയ ആശ്വാസത്തിലായിരുന്നു പ്രദേശവാസികൾ. കനോലി കനാലിന് കുറുകെ പുതിയപാലത്ത് 1942ലാണ് ചെറിയ പാലം നിർമിച്ചത്. പാലം പൂർത്തിയായാൽ മിനി ബൈപ്പാസിൽ നിന്ന് റെയിൽവേ സ്‌റ്റേഷൻ, തളി, കല്ലായി റോഡ് ഭാഗങ്ങളിലേക്ക് എളുപ്പമാർഗമാവും ഇത്.