കോഴിക്കോട് : എലത്തൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്തു പ്രവൃത്തികൾ വേഗത്തിലാക്കാൻ മന്ത്രി എ.കെ.ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കളക്ടറുടെ ചേംബറിൽ നടന്ന യോഗത്തിൽ മണ്ഡലത്തിലെ നിർമാണ പുരോഗതി അവലോകനം ചെയ്തു. മന്ത്രി എ.കെ.ശശീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. റോഡ്, പാലങ്ങൾ ,കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണ പുരോഗതി യോഗം വിലയിരുത്തി.

കോഴിക്കോട് -ബാലുശ്ശേരി റോഡ്, അംശകച്ചേരി -ചെറുകുളം റോഡ്, പുതിയങ്ങാടി ഉള്ള്യേരി കുറ്റ്യാടി ചൊവ്വ ബൈപാസ് റോഡ്, കക്കോടി ചെലപ്രം റോഡ്, പെരുംപൊയിൽ കണ്ണോത്ത് പാറ റോഡ് തുടങ്ങിയവയുടെ പ്രവൃത്തി യോഗം ചർച്ച ചെയ്തു. ചെരട്ടക്കര പാലം, ചിറ്റടിക്കടവ് പാലം, നടുത്തുരുത്തി പാലം, കോഴിക്കോട് ബാലുശ്ശേരി റോഡിലെ കക്കോടി പാലം എന്നിവയുടെ പ്രവൃത്തികളും യോഗത്തിൽ ചർച്ചയായി.

എലത്തൂർ ഐ.ടി.ഐ, ചേളന്നൂർ ഗവ. എൽ.പി സ്‌കൂൾ, എൻ.സി.സി ബോട്ട് ഹൗസ്, ചേളന്നൂർ ഹോമിയോ ഡിസ്‌പെൻസറി എന്നിവയുടെ പ്രവൃത്തികളും അവലോകനം ചെയ്തു. തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, ജില്ലാ കളക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഢി തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.