nadakkavu
വയനാട് റോഡിൽ നടക്കാവ് പെട്രോൾപമ്പ് പരിസരത്തായി കുടിവെള്ളപൈപ്പ് പൊട്ടി ഒഴുകുന്നു

കോഴിക്കോട്: കുടിവെള്ളമാണ്, ഇങ്ങനെ പാഴാക്കുമ്പോൾ കണ്ണില്ലേ നിങ്ങൾക്ക്...! വയനാട് റോഡിൽ എരഞ്ഞിപ്പാലം ജംഗ്ഷൻ കഴിഞ്ഞ് നടക്കാവിലേക്കെത്തുമ്പോൾ റോഡിൽ ഒരു പെരുങ്കുഴിയുണ്ടായിട്ട് മാസങ്ങളായി. കണ്ണിൽ പൊടിയിടാൻ പൊതുമരാമത്ത് വകുപ്പും വാട്ടർ അതോറിറ്റിക്കാരും പലപ്പോഴും മണലും പൂഴിയുമിട്ടടച്ചു. യഥാർത്ഥ കാരണം മാത്രം കണ്ടെത്തിയില്ല. റോഡിനടിയിലൂടെയുള്ള കുടിവെള്ളപൈപ്പ് പൊട്ടിയാണ് മാസങ്ങളായി ഇവിടെ കുടിവെള്ളം പാഴാകുന്നത്. റോഡ് നിറയെ വെള്ളമാണ് എപ്പോഴും. എന്നിട്ടും കണ്ണ് തുറക്കുന്നില്ലേയെന്ന് പരിസരത്തെ കച്ചവടക്കാർ ചോദിക്കുന്നു.

തിരക്കുള്ള റോഡിൽ കുഴിയറിയാതെ ചാടി അപകടത്തിൽപെടുന്ന ഇരുചക്രവാഹനങ്ങളുമേറെ.
ഇവിടെ പാതാളക്കുഴി രൂപപ്പെട്ടിട്ട് മാസങ്ങളായി. എപ്പോഴും വെള്ളം കിനിഞ്ഞ് വരും. വന്നുനോക്കിയവരോടെല്ലാം കുടിവെള്ള പൈപ്പ് പൊട്ടിയതാണെന്ന് പറഞ്ഞു. പക്ഷെ ആരും അത് മുഖവിലയ്ക്കെടുത്തില്ല. ഇപ്പോൾ മാസങ്ങളായി. ആരാണ് ഇതിനൊരു പരിഹാരമുണ്ടാക്കുകയെന്ന അവരുടെ ചോദ്യത്തിന് മറുപടിയില്ല. 24 മണിക്കൂറും തിരക്കുള്ള റോഡാണ് ഇവിടം. ബസുകളും മറ്റ് ഹെവി വാഹനങ്ങളും കയറിയിറങ്ങുമ്പോൾ കുഴി വലുതായി വലുതായി പാതാളക്കുഴിയാവുകയാണ്. ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല.