കോഴിക്കോട് : പരമ്പരാഗത തൊഴിൽ മേഖലയായ ഖാദിയെ സംരക്ഷിക്കാൻ സർക്കാർ നിയമ നിർമാണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കോഴിക്കോട് സർവോദയ സംഘം എംപ്ലോയിസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) മാർച്ച് ആദ്യവാരം നടത്തുന്ന 'കേരള ഖാദി കോൺഫറൻസ് 2023' ന്റെ ലോഗോ ഡി.സി.സി പ്രസിഡന്റ് അഡ്വ.കെ.പ്രവീൺകുമാറിന് നൽകി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കാണ്. 80ശതമാനം സ്ത്രീകളാണ് ഈ മേഖലയിൽ ജോലി ചെയ്യുന്നത്. ഇവർക്ക് ജോലിയും അർഹമായ വേതനവും നൽകാൻ നിയമ നിർമാണം ഉടൻ നടപ്പിലാക്കണം. നൂൽപ്പ്, നെയ്ത്ത് അനുബന്ധ തൊഴിലുകളിൽ എർപ്പെട്ടിരിക്കുന്ന തൊഴിലാളികൾക്ക് തുച്ഛമായ വേതനമാണ് ലഭിക്കുന്നത്. മിക്ക കുടുംബങ്ങളും കടക്കെണിയിലും ബാങ്ക് അടവുകൾ തെറ്റി ജപ്തി ഭീഷണിയിലുമാണെന്ന് സതീശൻ പറഞ്ഞു.
പ്രസിഡന്റ് അഡ്വ.എം.രാജൻ അദ്ധ്യക്ഷത വഹിച്ചു. മുൻ ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, ജനറൽ സെക്രട്ടറി കെ.എ. ഗംഗേഷ്,സർവോദയ സംഘം സെക്രട്ടറി പി.വിശ്വൻ, ശ്രീജ സുരേഷ്, അസോസിയേഷൻ ഭാരവാഹികളായ പി.ദിനേശൻ, എം.കെ.ശ്യാം പ്രസാദ്, പി.പ്രകാശൻ, എം.സുഷമ എന്നിവർ പ്രസംഗിച്ചു. ഖാദി ജീവനക്കാരുടെ ബാങ്ക് ലോണുകൾ എഴുതി തള്ളുക, മുഴുവൻ തൊഴിലാളികൾക്കും പെൻഷൻ 5000 രൂപ അനുവദിക്കുക, വീട് ഇല്ലാത്തവർക്ക് വീട് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കോഴിക്കോട്ട് നടക്കുന്ന കേരളാ ഖാദി കോൺഫറൻസ് 2023 പ്രതിപക്ഷ നേതാവ് ഉദ്ഘാടനം ചെയ്യും.