കോഴിക്കോട്: ജില്ലയിലെ പൊതുമരാമത്ത് വകുപ്പ് പ്രവൃത്തികൾ വേഗത്തിൽ പൂർത്തിയാക്കാൻ പൊതുമരാമത്ത് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർദ്ദേശം നൽകി. വകുപ്പിന്റെ വിവിധ പ്രവൃത്തികൾ അവലോകനം ചെയ്യുന്നതിനായി കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് നിർദ്ദേശം.
മാനാഞ്ചിറ - വെള്ളിമാട്കുന്ന് റോഡുമായി ബന്ധപ്പെട്ട് സ്ഥലം ഏറ്റെടുത്തവർക്കുള്ള നഷ്ടപരിഹാരം നൽകൽ ഉൾപ്പടെയുള്ള കാര്യങ്ങൾ ഒക്ടോബറിൽ തന്നെ പൂർത്തീകരിക്കണമെന്നും നിർദ്ദേശമുണ്ട്. റോഡ് കടന്നുപോവുന്ന നാല് വില്ലേജുകളിൽ മൂന്ന് വില്ലേജുകളിലെ നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ബാക്കിയുള്ളവ ഉടൻ പൂർത്തിയാവും. സംസ്ഥാനത്ത് മികച്ച രീതിയിൽ റോഡ് പരിശോധന നടത്തുന്ന ജില്ലയാണ് കോഴിക്കോട്. ദീർഘകാലമായി നിലനിന്നിരുന്ന നിരവധി പ്രശ്‌നങ്ങൾക്ക് പരിശോധനയിലൂടെ പരിഹാരമായതായും മന്ത്രി പറഞ്ഞു.
പുതിയങ്ങാടി അണ്ടിക്കോട് അത്തോളി ഉള്ള്യേരി റോഡിന്റെ അലൈൻമെന്റ് സ്‌കെച്ച് ഒക്ടോബർ അവസാനത്തോടെ നൽകുമെന്നും പ്രവൃത്തി പുരോഗതിയിലാണെന്നും ഉദ്യോഗസ്ഥർ യോഗത്തെ അറിയിച്ചു. ബാലുശ്ശേരി കൂരാച്ചുണ്ട് റോഡ്, മലയോര ഹൈവേ നിർമ്മാണം, മുക്കം ടൗൺ സൗന്ദര്യവത്കരണം തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങളിലെ റോഡ്, പാലം പ്രവൃത്തികൾ നിർദ്ദേശിച്ച ദിവസത്തിനുള്ളിൽ പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.
റണ്ണിംഗ് കോൺട്രാക്ട് സംവിധാനം വളരെ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. സൂപ്രണ്ടിംഗ് എൻജിനീയറുടെ നേതൃത്വത്തിൽ എല്ലാ മാസവും ചുമതലയുള്ള ജില്ലകളിലെ റോഡുകൾ പരിശോധിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. ഇതിന് പുറമെ ഒരു പ്രത്യേക പരിശോധനാസംഘം എല്ലാ 45 ദിവസം കൂടുമ്പോഴും കാര്യങ്ങൾ പരിശോധിക്കും. ഈ മാസം 15 ഓട് കൂടി 14 ജില്ലകളിലെയും പരിശോധന പൂർത്തിയാവും. നവംബർ 30, ഡിസംബർ 15, മാർച്ച് അഞ്ച്, ഏപ്രിൽ 20 എന്നീ നിലയിൽ പരിശോധന ക്രമീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലയിലെ ഡി.ഐ.സി.സി ഫലപ്രദമായി പ്രവർത്തിക്കുന്നുണ്ട്. വാട്ടർ അതോറിറ്റി റോഡ് മുറിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് സെക്രട്ടറി തലത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ട്. പ്രവൃത്തികളിൽ അലസത കാണിക്കുന്നവരുമായി ഒരുതരത്തിലും സന്ധിയുണ്ടാവില്ല. ഉദ്യോഗസ്ഥർ പ്രവൃത്തി നടക്കുന്ന സ്ഥലങ്ങളിൽ നേരിട്ടെത്തി പുരോഗതി വിലയിരുത്തണം. കോൺട്രാക്ടർമാർ പ്രവൃത്തി കൃത്യമായി നടപ്പിലാക്കുന്നില്ലെങ്കിൽ ടെർമിനേഷൻ നടപടികളിലേക്ക് കടന്ന് പ്രവൃത്തി റീടെൻഡർ ചെയ്ത് എത്രയും വേഗത്തിൽ പൂർത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.
ജില്ലാകളക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി അജിത് കുമാർ, അസി.കളക്ടർ സമീർ കിഷൻ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനീയർമാർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.