lab

കോഴിക്കോട്: നഗരത്തിലെ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമായ ബീച്ച് ഗവ.ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം രണ്ടുദിവസത്തിനകം പുനസ്ഥാപിക്കാൻ തീരുമാനം. കാത്ത് ലാബ് പ്രവർത്തനം നിലച്ചതോടെ ഹൃദയ രോഗികൾക്കുണ്ടായ ദുരവസ്ഥ വലുതായിരുന്നു. ഹൃദയ ശസ്ത്രക്രിയയ്ക്കാവശ്യമായ ഉപകരണങ്ങൾ വിതരണം ചെയ്യുന്ന കമ്പനിക്ക് ലക്ഷങ്ങളുടെ കുടിശ്ശികയുണ്ടാക്കിയതാണ് കാത്ത് ലാബിന്റെ പ്രവർത്തനം മുടങ്ങാനിടയായത്. രോഗികളുടെ ദുരിതം പുറംലോകം അറിഞ്ഞതോടെ ഇന്നലെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സൂപ്രണ്ടിനെ ഉപരോധിച്ചിരുന്നു. 12.30ന് തുടങ്ങിയ ഉപരോധം ഒന്നര മണിക്കൂർ നീണ്ടു. ലാബ് തുറന്നു പ്രവർത്തിപ്പിക്കുന്ന കാര്യത്തിൽ ഉറപ്പു ലഭിക്കാതെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് യൂത്ത് കോൺഗ്രസ് നിലപാട് എടുത്തതോടെ ആശുപത്രി സൂപ്രണ്ട് ഡി.എം.ഒയുമായി ബന്ധപ്പെട്ടു. തുടർന്ന് കമ്പനി അധികൃതരുമായി സൂപ്രണ്ട് ഡോ.സച്ചിൻബാബു നടത്തിയ ചർച്ചയിലാണ് ലാബ് തുറക്കാൻ തീരുമാനമായത്. ലാബിലേക്ക് സാധനങ്ങൾ നൽകിയ കമ്പനിക്ക് കുടിശ്ശിക നൽകും.

2021 ജനുവരിയാലാണ് ബീച്ച് ആശുപത്രിയിൽ കാത്ത് ലാബ് പ്രവർത്തനം തുടങ്ങിയത്. 11 പ്രധാന കമ്പനികളാണ് കാത്ത്‌ ലാബിലേക്കുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്നത്. യാഥാസമയം ഉപകരണങ്ങൾ വിതരണം ചെയ്യാത്തതിനാൽ ആൻജിയോഗ്രാമും ആൻജിയോപ്ലാസ്റ്റിയും മുടങ്ങുന്ന സാഹചര്യമുണ്ടായി. ഇതോടെ വലിയ ദുരിതമാണ് തീരദേശ മേഖലയിലുള്ളവർക്ക് ഉണ്ടായത്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ അവസ്ഥയുണ്ടായിരുന്നു. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിന് ജില്ലാ പ്രസിഡന്റ് ആർ.ഷഹിൻ, ശ്രീയേഷ് ചെലവൂർ, ടി.എം.നിമേഷ്, സുജിത്ത് കാഞ്ഞോളി, ടി.എം.വരുൺ കുമാർ, വി.ടി.നിഹാൽ എന്നിവർ നേതൃത്വം നൽകി.