football
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന കേരള വനിതാ പ്രീമിയർ ലീഗിൽ ലോഡ്സ് ഫുട്ബോൾ അക്കാഡമിയും ഗോകുലം കേരള എഫ്.സിയും തമ്മിൽ നടന്ന മത്സരത്തിൽ നിന്ന്.

കോഴിക്കോട് : കേരള വനിതാ ലീഗ് ഫുട്‌ബോളിൽ ഗോകുലം കേരള എഫ്‌.സിക്ക് വിജയം. കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ലോഡ്‌സ് എഫ്.എ കൊച്ചിയെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് ഗോകുലം പരാജയപ്പെടുത്തിയത്. 16,18 മിനിട്ടിൽ മാനസയും 45ാം മിനിട്ടിൽ സോണിയയും, 64ാം മിനിട്ടിൽ വിവിയൻ കെനേരു അഡ്‌ജെയും 86ാം മിനിട്ടിൽ ബർത്തയും ഗോളുകൾ നേടി. വിൻ തെങ്കിറ്റൻ ലോഡ്‌സ് എഫ്എ കൊച്ചിക്കു വേണ്ടി ഏക ഗോൾ നേടി. 13ന് ഗോകുലം കേരള എഫ്‌.സിയും കേരള ബ്ലാസ്റ്റേഴ്‌സും തമ്മിൽ ഏറ്റുമുട്ടും. ഫൈനൽ മത്സരം 15ന് കോഴിക്കോട് നടക്കും.

എട്ട് കളി പൂർത്തിയായപ്പോൾ എല്ലാ കളിയും ജയിച്ച് 24 പോയന്റുമായി ഗോകുലം കേരള എഫ്‌സിയാണ് മുന്നിൽ. ഒമ്പത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ എഴ് ജയവും ഒരു സമനിലയും ഒരു തോൽവിയുമായി ലോഡ്‌സ് എഫ്.എ കൊച്ചിക്ക് 22 പോയന്റുണ്ട്. എട്ട് കളി പൂർത്തിയാക്കിയഏഴു കേരള ബ്ലാസ്റ്റേഴ്‌സിന് 22 പോയന്റുണ്ട്.

13ന് നടക്കുന്ന മത്സരം കേരള ബ്ലാസ്റ്റേഴ്‌സിന് നിർണായകമാണ്. ഈ കളിയിൽ അവർ ജയിച്ചാൽ ഫൈനലിൽ ഗോകുലവുമായി മാറ്റുരയക്കാം. ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെട്ടാൽ ഗോകുലവും ലോഡ്‌സ് എഫ്എയും തമ്മിലാവും കലാശപോരാട്ടം.