tttttt

കോഴിക്കോട് : പൊറ്റമ്മലിലെ സലഫി മസ്ജിദിൽ നിസ്‌കരിക്കാൻ കയറിയ യുവാവിന്റെ ലാപ്‌ടോപ്പ് അടങ്ങിയ ബാഗ് മോഷ്ടിച്ച കോഴിക്കോട് കാരന്തൂർ സ്വദേശി ജാവേദ്ഖാനെ (20 ) സിറ്റി സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പും മെഡിക്കൽ കോളേജ് ഇൻസ്‌പെക്ടർ ബെന്നി ലാലുവും ചേർന്ന് പിടികൂടി.

കിനാലൂർ സ്വദേശി മെഡിക്കൽ കോളേജ് പൊലീസിൽ നൽകിയ പരാതിയിലാണ് പ്രതി പിടിയിലായത്.

മോഷ്ടിച്ച ടാബ് പന്ത്രണ്ടായിരം രൂപയ്ക്ക് വിൽപ്പന നടത്തിയ ശേഷം മൊബൈൽ ഫോണും, വാച്ചും, കൂളിംഗ് ഗ്ലാസും മറ്റും വാങ്ങിയിരുന്നു. ലാപ്പ്‌ടോപ്പ് പ്രതി താമസിക്കുന്ന ചേവായൂർ ത്വക്ക് രോഗാസ്പത്രിക്ക് സമീപത്തെ ഉദയം ഹോമിന്റെ കോമ്പൗണ്ടിൽ കുറ്റികാട്ടിലൊളിപ്പിച്ച നിലയിൽ കണ്ടെത്തി. ചെറുപ്പത്തിലെ മാതാപിതാക്കൾ നഷ്ടപ്പെട്ട പ്രതി ചിൽഡ്രൻസ് ഹോമിലാണ് വളർന്നത്. പണക്കാരെപ്പോലെ ജീവിക്കണമെന്ന ആഗ്രഹത്തിൽ നിന്നാണ് കളവിലേക്ക് തിരിഞ്ഞത്. നേരത്തെയും നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഒത്തു തീർപ്പാക്കുകയായിരുന്നു. പ്രതിക്കെതിരെ പോക്‌സോ കേസും നിലവിലുണ്ട്.

സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്‌പെക്ടർ ഒ.മോഹൻദാസ്, ഹാദിൽ കുന്നുമ്മൽ, ശ്രീജിത്ത് പടിയാത്ത്, മെഡിക്കൽ കോളേജ് പൊലീസ് സബ് ഇൻസ്‌പെക്ടർമാരായ ഹരികൃഷ്ണൻ, ശ്രീജയൻ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.