കോഴിക്കോട്: മെഡിക്കൽ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരനായ വിമുക്തഭടനെ അതിക്രൂരമായി മർദ്ദിച്ച ഡി.വൈ.എഫ്.ഐ നേതാക്കളെ സംരക്ഷിക്കുന്ന സർക്കാരിന്റെയും സി.പി.എമ്മിന്റെയും തെറ്റായ നടപടിക്കെതിരെ കോൺഗ്രസ് കളക്ട്രേറ്റ് ധർണ നടത്തും.
പ്രതികൾക്ക് ജാമ്യം ലഭിക്കുന്നതിന് ഒത്താശ ചെയ്യുകയും പിടികിട്ടാനുള്ള പ്രതികളെ അറസ്റ്റ് ചെയ്യാതിരിക്കാൻ പൊലീസിന് മേൽ സമ്മർദ്ദം ചെലുത്തുകയും സത്യസന്ധരായ പൊലീസ് ഉദ്യോഗസ്ഥരെ ഭീക്ഷണിപ്പെടുത്തുകയും സമ്മർദ്ദം ചെലുത്തുകയും ജാമ്യത്തിൽ ഇറങ്ങിയ പ്രതികൾക്ക് സ്വീകരണം നൽകുകയും ചെയ്ത് സി.പി.എം നിയമവ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് ജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു.
നാളീകേര വിലയിടിവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ തൊഴിലുറപ്പ് തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് പ്രക്ഷോഭത്തിന് നേതൃത്വം നൽകുന്നതിനും യോഗം തീരുമാനിച്ചു.
ഭാരത് ജോഡോ യാത്രയിൽ കേരളത്തിൽ മുഴുവൻ സമയ പദയാത്രികരായ ജില്ലയിൽനിന്നും പങ്കെടുത്ത അംഗങ്ങൾക്ക് യോഗത്തിൽ സ്വീകരണം നൽകി. ഡി.സി.സി പ്രസിഡന്റ് നയിച്ച സന്ദേശയാത്രയിൽ ജില്ലയിലുടനീളം സഞ്ചരിച്ച യുവ പ്രാസംഗികരെ അനുമോദിച്ചു.
ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി മുൻ പ്രസിഡന്റ് കെ.സി.അബു, കെ.എസ്.യു പ്രസിഡന്റ് കെ.എം.അഭിജിത്ത്, കെ.പി.സി.സി അംഗങ്ങളായ കെ. ബാലകൃഷ്ണകിടാവ്, കെ.രാമചന്ദ്രൻ ,കെ.പി.ബാബു, പി .സി. ഹബീബ്, യു.വി. ദിനേശ് മണി എന്നിവർ പ്രസംഗിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എം.അബ്ദുറഹിമാൻ സ്വാഗതവും രമേശ് നമ്പിയത്ത് നന്ദിയും പറഞ്ഞു.