കോഴിക്കോട്: ഹിന്ദി അറിയാത്തവർക്ക് കേന്ദ്രസർക്കാരിൽ ജോലി നൽകേണ്ടതില്ലെന്ന ഔദ്യോഗിക ഭാഷാ സമിതിയുടെ ശുപാർശ ഭരണഘടനാ വിരുദ്ധമാണെന്ന് ഡി.വൈ.എഫ്.ഐ. 'ഹിന്ദി അറിയില്ലെങ്കിൽ
ജോലിയില്ലെ'ന്ന സംഘപരിവാർ തിട്ടൂരത്തിനെതിരെ ഡിവൈ.എഫ്.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനാഞ്ചിറയിൽ യുവജന പ്രതിഷേധം സംഘടിപ്പിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ.സനോജ് ഉദ്ഘാടനം ചെയ്തു. രാഷ്ട്രപതിക്ക് സമർപ്പിച്ച ശുപാർശ രാജ്യത്തിന്റെ സാംസ്‌കാരിക വൈവിദ്ധ്യത്തെയും ഭാഷാ വൈവിദ്ധ്യത്തെയും തകർക്കുന്നതാണെന്ന് സനോജ് പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അദ്ധ്യക്ഷനായ സമിതി സമർപ്പിച്ച ശുപാർശയിൽ കേന്ദ്ര റിക്രൂട്ട്‌മെന്റ് പരീക്ഷകളുടെ ചോദ്യപേപ്പർ ഹിന്ദിയിൽ മാത്രമാക്കാനും ഹിന്ദി അറിയുന്നവർക്ക് മാത്രമായി കേന്ദ്ര സർക്കാർ ജോലി പരിമിതപ്പെടുത്താനും നിർദ്ദേശമുണ്ട്. വിവിധ ഭാഷാ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധ സൃഷ്ടിക്കാനുള്ള ഇടപെടലാണ് ആർ.എസ്.എസ് ലക്ഷ്യം വയ്ക്കുന്നത്. ഹിന്ദി, ഹിന്ദു , ഹിന്ദുസ്ഥാൻ എന്ന ആർ.എസ്.എസ് അജണ്ട അടിച്ചേൽപ്പിക്കാനുള്ള ഇത്തരം ശുപാർശകൾ ഭരണഘടനയുടെ അടിസ്ഥാന ആശയങ്ങളെ ഹനിക്കുന്നതും ജനാധിപത്യ വിരുദ്ധവുമാണ്. ഈ വിഷയം ഉന്നയിച്ച് ഡി.വൈ.എഫ്.ഐ ദേശവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും സനോജ് പറഞ്ഞു.
കെ.ഇ.എൻ കുഞ്ഞഹമ്മദ് ,ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.അരുൺ, ദിപു പ്രേംനാഥ്, കെ.ഷഫീഖ്, എന്നിവർ പ്രസംഗിച്ചു. ജില്ലാ പ്രസിഡന്റ് എൽ.ജി.ലിജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സി.ഷൈജു സ്വാഗതവും ജില്ലാ ട്രഷറർ ടി.കെ.സമേഷ് നന്ദിയും പറഞ്ഞു.