@ സംഘാടക സമിതി രൂപീകരണ യോഗം നാളെ

വടകര : കൊവിഡ് കവർന്ന രണ്ട് വർഷത്തിന് ശേഷം കലോത്സവ കാലത്തെ വരവേൽക്കാനൊരുങ്ങുകയാണ് നാടും നഗരവും. വടകരയിൽ നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവം വിജയിപ്പിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം നാളെ നടക്കും.

നവംബർ 28 മുതൽ ഡിസംബർ ഒന്ന് വരെ നാല് ദിവസങ്ങളിലായാണ് കലോത്സവം നടക്കുക. വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂളാണ് മുഖ്യവേദി. ബി.ഇ.എം ഹയർ സെക്കന്ററി സ്‌കൂൾ, എം. യു .എം .വി. എച്ച് .എസ്, ടൗൺ ഹാൾ എന്നിവയാണ് മറ്റ് വേദികൾ
നാളെ രാവിലെ 10. 30 ന് വടകര സെന്റ് ആന്റണീസ് ഗേൾസ് ഹൈസ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘാടക സമിതി യോഗം ചേരുമെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ സി. മനോജ് കുമാർ അറിയിച്ചു. സബ് ജില്ലാ, ജില്ലാ കലാമേളകൾക്കുള്ള ഒരുക്കങ്ങൾ വിവിധ സ്‌കൂളുകളിൽ തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. സംസ്ഥാന കലോത്സവം ഇത്തവണ കോഴിക്കോട്ടാണ് നടക്കുന്നത്. അതിനാൽ വിപുലമായാണ് ജില്ല കലോത്സവം നടത്തുക. സംസ്ഥാന സ്‌കൂൾ കലോത്സവം 2023 ജനുവരി 3,4,5,6,7 തീയതികളിൽ നടക്കും.