കോഴിക്കോട് : സൗത്ത്ബീച്ചിൽ അനധികൃതമായി നിർമ്മിക്കുന്ന വിവാദ കെട്ടിടമായ പോർട്ട് ഹോട്ടൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രവീൺകുമാർ സന്ദർശിച്ചു. സൗത്ത് ബീച്ചിൽ സീ ക്യൂൻ ഹോട്ടലിന് മുൻവശത്ത് കടലിനഭിമുഖമായാണ് പോർട്ട് ഹോട്ടലിനായുള്ള നിർമ്മാണം നടക്കുന്നത്.
തീരദേശ നിർമ്മാണ ചട്ടം ലംഘിച്ചുകൊണ്ടാണ് പ്രവൃത്തികൾ നടക്കുന്നതെന്ന ആക്ഷേപം നേരത്തെ തന്നെ ഉയർന്നിരുന്നു. തുറമുഖ വകുപ്പിൻ്റെ കൈവശമുള്ള സ്ഥലത്താണ് നിർമ്മാണം. സ്ഥലത്ത് ഹോട്ടലിനായി ടെൻഡർ ക്ഷണിച്ചിരുന്നു. രണ്ടു ലക്ഷത്തി ഇരുപതിനായിരം വരെ കോട്ട് ചെയ്തെങ്കിലും 44000 രൂപയ്ക്കാണ് നിലവിൽ നിർമ്മാണം നടത്തുന്ന വ്യക്തിക്ക് കൈമാറിയത്. ടെൻഡർ ക്ഷണിച്ചതിലും തീരദേശ നിയമ ലംഘനമടക്കം ഗുരുതര ക്രമക്കേടുകളാണ് നടന്നതെന്ന് കെ. പ്രവീൺ കുമാർ പറഞ്ഞു. വിഷയത്തെക്കുറിച്ച് പഠിച്ച ശേഷം നിയമ നടപടി അടക്കമുള്ള കാര്യങ്ങൾ സ്വീകരിക്കുമെന്ന് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മർ പാണ്ടികശാല പ്രതികരിച്ചു.കോർപ്പറേഷൻ പ്രതിപക്ഷ പാർട്ടി ലീഡർ കെ.സി. ശോഭിത, കൗൺസിലർമാരായ കെ.മൊയ്തീൻ കോയ, എസ്.കെ. അബൂബക്കർ , കെ.റംലത്ത്, നേതാക്കളായ കെ.പി. ബാബു, ഫൈസൽ പള്ളിക്കണ്ടി തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു