kunnamangalam-news
ഒളവണ്ണ ആയൂർവേദ ഡിസ്പെൻസറിക്ക് വേണ്ടി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മാതൃക

കുന്ദമംഗലം: അസൗകര്യങ്ങൾക്ക് വിട ഒളവണ്ണ ആയുർവ്വേദ ഡിസ്‌പെൻസറി കെട്ടിടം ഇനി ഹെെട്ടെക്കാകും. ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടത്തിന് 80 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയതായി പി.ടി.എ റഹീം എം.എൽ.എ അറിയിച്ചു. എം.എൽ.എയുടെ മണ്ഡലം ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് തുക അനുവദിച്ചിട്ടുള്ളത്. നിലവിൽ പന്തീരങ്കാവിൽ ഗ്രാമപഞ്ചായത്ത് ഉടമസ്ഥതയിലുള്ള ഷോപ്പിംഗ് കോംപ്ലക്സിന്റെ ഒന്നാം നിലയിലാണ് ആയുർവേദ ഡിസ്‌പെൻസറി പ്രവർത്തിക്കുന്നത്.

നിത്യേന ഒട്ടേറെ ആളുകൾ ആശ്രയിക്കുന്ന ഈ ആശുപത്രി മുകൾ നിലയിലായത് കാരണം പ്രായമായവരും വികലാംഗരും ഉൾപ്പെടെയുള്ള രോഗികൾ ഏറെ പ്രയാസപ്പെട്ടിരുന്നു. സ്വന്തമായി സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം നിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന പൊതുജനങ്ങളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് പുതിയ കെട്ടിട നിർമ്മാണത്തിന് തുക അനുവദിച്ചതോടെ സഫലമാവാൻ പോവുന്നത്. ഒളവണ്ണ അരീക്കാട് റോഡിന് സമീപം പാലക്കുറുമ്പ ക്ഷേത്രത്തിനടുത്ത് സൗജന്യമായി ലഭിച്ച 7 സെന്റ് സ്ഥലത്താണ് ആധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിട നിർമ്മാണത്തിന് പദ്ധതി തയ്യാറാക്കിയിട്ടുള്ളത്. ലക്ഷങ്ങൾ വിലമതിക്കുന്ന ഈ ഭൂമി ചിറയക്കാട്ട് കുഞ്ഞിക്കോയയുടെ സ്മരണാർത്ഥം അദ്ദേഹത്തിന്റെ മക്കളാണ് സൗജന്യമായി വിട്ടുനൽകിയത്.

ആശുപത്രിയിൽ സ്ഥിരം തസ്തികയിൽ ജോലി ചെയ്യുന്ന ഒരു ഡോക്ടർ, ഫാർമസിസ്റ്റ്, ക്ലാർക്ക്, സ്വീപ്പർ എന്നിവർക്ക് പുറമെ ഹൗസ് സർജൻസിയുടെ ഭാഗമായുള്ള ഡോക്ടർമാരും സേവനത്തിനെത്താറുണ്ട്.