vanitha
കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന വനിതാ ഫുട്ബോൾ ലീഗിൽ ചാമ്പ്യൻമാരായ ലോഡ്സ് ഫുട്ബോൾ അക്കാഡമി ടീം ട്രോഫിയുമായി.

കോഴിക്കോട്: രാംകോ കേരള വനിതാ ലീഗ് ഫുട്‌ബാളിൽ ലോഡ്‌സ് എഫ്.എ കൊച്ചിക്ക് കിരീടം. കോഴിക്കോട് കോർപറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ഗോകുലം കേരള എഫ്‌.സിയെ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലോഡ്‌സ് വിജയം കൊയ്തത്. തകർപ്പൻ പാസിംഗിലൂടെയും ഷോട്ടുകളിലൂടെയും ഗോകുലത്തെ വിറപ്പിച്ചു മുന്നേറിയ 77ാം നമ്പർ മ്യാൻമാർ താരം വിൻ തെങ്കി ടൺ ആണ് ലോഡ്‌സിന്റെ വിജയശിൽപ്പി. ലോഡ്‌സ് നേടിയ അഞ്ചു ഗോളുകളിൽ നാലും വിന്നിൻേതാണ്. 27,40,53,88 മിനിട്ടുകളിൽ വിൻ ഗോകുലത്തിന്റെ വല ചലിപ്പിച്ചു. 90+4ൽ 12ാം നമ്പർ ഇന്ദുമതി കതിരേശൻ ഒരു ഗോൾ നേടി. വിൻ തന്നെയാണ് ടോപ് സ്‌കോറർ. 10 മത്സരങ്ങളിലായി വിൻ 49 ഗോളുകൾ നേടി. ലോഡ്‌സിന്റെ തന്നെ ഇ.എം വർഷയാണ് മികച്ച ഗോൾ കീപ്പർ. മികച്ച ഡിഫൻഡർ ഗോകുലം കേരള എഫ്‌.സിയുടെ ഫെമിന രാജാണ്.
ലോഡ്‌സ് ചാമ്പ്യന്മാരായതോടെ ഇക്കുറി ദേശീയ വനിതാ ലീഗിൽ കേരളത്തിൽ നിന്ന് രണ്ടു ടീമുകളുണ്ടാവും. നിലവിലെ ചാമ്പ്യൻമാരായ ഗോകുലം ദേശീയ വനിതാ ലീഗിലേക്ക് യോഗ്യത ഉറപ്പിച്ചിരുന്നു. ഇപ്പോഴത്തെ വിജയത്തിലൂടെ ലോഡ്‌സും ദേശീയ വനിതാലീഗിലേക്ക് അർഹത നേടി.
വിന്നേഴ്‌സിനും റണ്ണറപ്പിനുമുള്ള ട്രോഫിയും കാഷ് പ്രൈസും തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ സമ്മാനിച്ചു. കെ.എഫ്.എ പ്രസിഡന്റ് ടോം ജോസ്, സെക്രട്ടറി അനിൽകുമാർ, വൈസ് പ്രസിഡന്റ് അബ്ദുൾ കരീം, സുകുമാരൻ (സീനിർ മാനേജർ ബ്രാന്റിംഗ് രാംകോ സിമന്റ് ) കെ.വി. മനോജ് കുമാർ (സീനിയർ മാനേജർ മാർക്കറ്റിംഗ് രാകോം സിമന്റ്), വിനോദ് ( ഡെപ്യൂട്ടി മാനേജർ മാർക്കറ്റിംഗ് രാംകോ സിമന്റ്) എന്നിവർ പങ്കെടുത്തു.

ഹോം ഗ്രൗണ്ടിൽ ഗോകുലത്തിന് ദയനീയ പരാജയം
കോഴിക്കോട്: കോച്ച് അമൃത അരവിന്ദിന്റെ ശിക്ഷണത്തിൽ ലോഡ്‌സ് എഫ്.എ ഗോകുലത്തെ അവരുടെ ഹോം ഗ്രൗണ്ടിൽ തളച്ചു. ശക്തമായ പ്രതിരോധ നിര തീർത്ത് ഗോകുലത്തെ ലോഡ്‌സ് വരുതിക്ക് നിർത്തുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. 22ാം മിനുട്ടിൽ ആദ്യ ഗോൾ നേടിയ ഗോകുലത്തിന്റെ മിന്നും താരം 10ാംനമ്പർ വിവിയൻ കൊനേരു അഡ്‌ജെയെ മുന്നേറ്റം നടത്താനാവാത്ത വിധം ലോഡ്‌സിന്റെ പ്രതിരോധ നിര തളച്ചു നിർത്തി. പ്രതീക്ഷയ്ക്കൊത്ത് ഉയരാത്ത വിവിയൻ മഞ്ഞക്കാർഡും കണ്ടു. മത്സരത്തിന്റെ 80ാം മിനുട്ടിൽ വിവിയനെ മാറ്റി 18ാം നമ്പർ ബർത്തയെ ഇറക്കി. 85ാം മിനുട്ടിൽ ഇടതു വിംഗിൽ നിന്നെടുത്ത കേർണർ കിക്ക് ബർത്ത ഗോളാക്കി മാറ്റി. വിവിയനും ബർത്തയും നേടിയ രണ്ടു ഗോളുകളിൽ ഗോകുലത്തെ ലോഡ്‌സ് തളച്ചു. മത്സരത്തിന്റെ അവസാനം വരെ ഗോകുലത്തെ വിറപ്പിച്ചുകൊണ്ട് ലോഡ്‌സിന്റെ മുന്നേറ്റം തുടർന്നു.