കുന്ദമംഗലം: ചെത്തുകടവിൽ ഞായറാഴ്ച രാത്രി യുവാവിന് വെട്ടേറ്റ സംഭവത്തിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി വിശദമായി പരിശോധന നടത്തി. ഫോറൻസിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. ചെത്തുകടവ് കുറുങ്ങോട്ട് ജിതേഷിനാണ് (45) വെട്ടേറ്റത്. രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു ആക്രമണം. ബഹളം കേട്ട് സ്ഥലത്തെത്തിയ നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തലയ്ക്കും കാലിനും സാരമായ പരിക്കേറ്റ ജിതേഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. സംഭവവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പോലീസ് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. യഥാർത്ഥ പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.